കൽപ്പറ്റ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീട് നിർമ്മാണം ഡിസംബർ 28-ന് ആരംഭിക്കാത്തതിൽ ചോദ്യവുമായി സിപിഎം. തെരഞ്ഞെടുപ്പ് മുൻനിർത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് ടി സിദ്ദിഖും കോൺഗ്രസും ചെയ്തതെന്ന് സിപിഎം ആരോപിച്ചു. 

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള കോൺഗ്രസ് പ്രഖ്യാപിച്ച് വീട് നിർമാണത്തിൽ ചോദ്യവുമായി സിപിഎം. കോൺഗ്രസിനെയും ടി സിദ്ദിഖിനെയും വിമർശിച്ച് വയനാട് സിപിഎം സെക്രട്ടറി രം​ഗത്തെത്തി. ഡിസംബർ 28ന് വീട് നിർമ്മാണം തുടങ്ങും എന്നായിരുന്നു പ്രഖ്യാപനമെന്നും എവിടെയാണ് നിർമ്മാണ പ്രവർത്തനം തുടങ്ങിയതെന്ന് വെളിപ്പെടുത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ് ചോദിച്ചു. തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് വ്യക്തമായി. എംഎൽഎയും കോൺഗ്രസും ജനങ്ങളെ പച്ചക്ക് പറ്റിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 28 ന് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ആരംഭിക്കും എന്നായിരുന്നു തെരെഞ്ഞെടുപ്പിന് തൊട്ട് മുൻപ് കൽപ്പറ്റ എം എൽ എയും കോൺഗ്രസ് നേതാവുമായ ശ്രീ ടി സിദ്ധീഖ് പറഞ്ഞിരുന്നത്. 

ഇന്നാണ് കോൺഗ്രസ് എംഎൽഎ പറഞ്ഞ ആ ഡിസംബർ 28. സ്ഥലത്തിനുള്ള പണം നൽകിയെന്നും നിയമപരമായ നടപടികൾ പൂർത്തീകരിച്ചുവെന്നും ഡിസംബർ മാസത്തിൽ തന്നെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നുമായിരുന്നു ഡിസംബർ 10 ന് അദ്ദേഹം പ്രഖ്യാപിച്ചത്. കോൺഗ്രസ് പൊതു ജനങ്ങളിൽ നിന്നും ശേഖരിച്ച പണത്തിൻ്റെ കണക്കുകളെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലാത്തതിലും വീടുകളുടെ നിർമ്മാണം ആരംഭിക്കാത്തതും സംബന്ധിച്ച് വലിയ പ്രതിഷേധം ഉയർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഈ വിഷയം വലിയ ചർച്ചയായി ഉയരുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് ടി സിദ്ധിഖ് ഉൾപ്പെടുന്ന കോൺഗ്രസ് നേതൃത്വം മാധ്യമങ്ങളോട് ഡിസംബർ 28ന് വീടുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. സ്ഥലം?

കണ്ടെത്തി എന്ന കളവ് പറയുകയല്ലാതെ മാധ്യമങ്ങൾക്ക് മുൻപിൽ ഇന്ന് സ്ഥലം കാണിക്കാൻ തയ്യാറുണ്ടോയെന്നും ദുരന്ത ബാധിതർക്ക് വീട് വെയ്ക്കാനായി ജനങ്ങളിൽ നിന്ന് പിരിച്ച പണം എത്രയുണ്ടെന്ന കണക്കും ആ പണം എവിടെയാണുള്ളത് എന്നതെങ്കിലും പുറത്ത് വിടാൻ കോൺഗ്രസ് തയ്യാറുണ്ടോയെന്നും അദ്ദേഹം പറഞ്ഞു.