ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന ആവശ്യവുമായി കൗണ്‍സിലർ ആർ ശ്രീലേഖ വി കെ പ്രശാന്തിനെ നേരിൽ കണ്ടു. എന്നാൽ വാടക കാലാവധി തീരും വരെ ഒഴിയില്ലെന്ന നിലപാടിൽ വി കെ പ്രശാന്ത് ഉറച്ചുനിന്നു

തിരുവനന്തപുരം: ശാസ്തമംഗലത്തെ എംഎൽഎ ഓഫീസിലെത്തി വി കെ പ്രശാന്തിനെ കണ്ട് നാടകീയ നീക്കവുമായി കൌണ്‍സിലർ ആർ ശ്രീലേഖ. ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് ഇന്നലെ എംഎൽഎയെ വിളിച്ച് ഫോണിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് ശ്രീലേഖ നേരിട്ടെത്തിയത്. അതേസമയം വാടക കാലാവധി കഴിയും വരെ താനിവിടെ തുടരുമെന്ന് വി കെ പ്രശാന്ത് വ്യക്തമാക്കി.

"ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല. ചെറിയ പ്രശ്നം നിങ്ങൾ വിവാദമാക്കരുത്. എന്‍റെ അനിയൻ തന്നെയാണ് പ്രശാന്ത്. ഞാൻ മോനേ എന്ന് വിളിച്ച് സംസാരിക്കുന്ന ആളാണ്. പ്രശാന്തിന് മൂന്ന് മാസം തുടരണമെങ്കിൽ തുടരട്ടെ. എനിക്ക് വിരോധമില്ല. ഞാൻ അഭ്യർത്ഥിച്ചു എന്നേയുള്ളൂ. ഞാനും എന്‍റെയാളുകളും ആ ഓഫീസിൽ ഇരിക്കും എന്നേയുള്ളൂ. അല്ലാതെ എനിക്ക് നിവൃത്തിയില്ല. അതിന്‍റെ ബുദ്ധിമുട്ട് പ്രശാന്ത് സഹിക്കണം. അത്രയേ ഉള്ളൂ"- എന്നാണ് ആർ ശ്രീലേഖ പറഞ്ഞത്. ഏഴ് വർഷം ഇല്ലാത്ത ബുദ്ധിമുട്ട് മാഡം അവിടെ ഇരിക്കുന്നതു കൊണ്ട് തനിക്കില്ലെന്നായിരുന്നു വി കെ പ്രശാന്ത് എംഎൽഎയുടെ പ്രതികരണം. അപ്പോ 'തീർന്നല്ലോ ഹാപ്പിയായില്ലേ എല്ലാരും' എന്നായിരുന്നു ശ്രീലേഖയുടെ മറുപടി.

മാർച്ച് മാസത്തിൽ വാടക കാലാവധി തീരും വരെ എന്തായാലും ഇവിടെ തന്നെ കാണുമെന്ന് വി കെ പ്രശാന്ത് വ്യക്തമാക്കി. കോർപ്പറേഷൻ എന്തു തീരുമാനം എടുക്കുമെന്ന് നോക്കാമെന്നും വി കെ പ്രശാന്ത് പറഞ്ഞു.

"ഞാനും എന്‍റെ ആൾക്കാരും ഇവിടെ വന്ന് ജോലി ചെയ്യും. ബാത്റൂമാണെങ്കിലും ഞാൻ ഇവിടെ ഇരിക്കും. എനിക്ക് ജോലി ചെയ്യണ്ടേ? പ്രശാന്തിനായിരിക്കും ബുദ്ധിമുട്ട്" എന്നാണ് എംഎൽഎയെ കണ്ട് പുറത്തിറങ്ങിയ ശേഷം ശ്രീലേഖ പറഞ്ഞത്.

നിലപാടിലുറച്ച് വി കെ പ്രശാന്ത് എംഎൽഎ

ശാസ്തമംഗലും കൌണ്‍സിലർ ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയാണെന്നാണ് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. വാടക കൊടുത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് 31 വരെ കരാര്‍ കാലവധിയുണ്ട്. കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കേണ്ടത് സെക്രട്ടറിയാണെന്ന് പറഞ്ഞ വി കെ പ്രശാന്ത്, ശ്രീലേഖയ്ക്ക് പിന്നില്‍ ആളുകളുണ്ടെന്നും ആരോപിച്ചു. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വിമർശിച്ചു. കരാർ കാലാവധി തീരാതെ ഒഴിയില്ലെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

കോർപറേഷൻ കെട്ടിടത്തിന്‍റെ താഴത്തെ നില മുഴുവൻ എംഎൽഎ കയ്യടക്കി വെച്ചിരിക്കുകയാണെന്നാണ് ശ്രീലേഖ ഇന്ന് രാവിലെ പ്രതികരിച്ചത്. അവിടെ കൗൺസിലർക്ക് ഓഫീസ് ഉണ്ടെന്നാണ് പറയുന്നത്. ഈ ഓഫീസ് എവിടെയെന്ന് അധികൃതർ കാണിച്ചു തരട്ടെ. തന്‍റെ ഓഫീസ് പ്രവർത്തിക്കാൻ സ്ഥലമില്ല. തന്‍റെ വാർഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് പ്രശാന്തിനോട്‌ ഒഴിയാൻ ആവശ്യപ്പെട്ടതെന്നും ശ്രീലേഖ പ്രതികരിച്ചു.

YouTube video player