
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ 'ഓപ്പറേഷൻ ശുദ്ധി' പദ്ധതിയ്ക്ക് തുടക്കമിട്ട് എക്‌സൈസ് വകുപ്പ്. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൃത്രിമ കള്ള് നിർമ്മാണം തടയുന്നതിനുമായി എക്‌സൈസ് വകുപ്പ് വിപുലമായ കർമ്മപദ്ധതിയാണ് സംസ്ഥാനവ്യാപകമായി ആവിഷ്‌കരിച്ചിരിക്കുന്നത്. പാലക്കാട് ഉൾപ്പെടെയുള്ള പ്രധാന കള്ള് ചെത്തുന്ന പ്രദേശങ്ങളിലും, വിവിധ ജില്ലകളിലെ കള്ള് ഷാപ്പുകളിലും പരിശോധനകൾ ഇതിനകം തന്നെ ഊർജ്ജിതമാക്കിയിട്ടുണ്ട്. 'ജാഗ്രതയോടെ എക്‌സൈസ്' എന്ന സന്ദേശമുയർത്തിക്കൊണ്ടാണ് വകുപ്പ് ഈ പ്രത്യേക ദൗത്യവുമായി മുന്നോട്ട് പോകുന്നത്.
സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ, കള്ള് കടത്തുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ, കള്ള് ചെത്തുന്ന തോട്ടങ്ങൾ (തെങ്ങിൻ തോപ്പുകൾ/പനന്തോപ്പുകൾ) എന്നിവ കേന്ദ്രീകരിച്ച് എക്‌സൈസ് സംഘം തുടർച്ചയായ റെയ്ഡുകളും പരിശോധനകളും നടത്തിവരുന്നു. കള്ള് കൊണ്ടുപോകുന്ന ഗതാഗത സമയത്തും ഷാപ്പുകളിൽ വിതരണത്തിന് എത്തിക്കുമ്പോഴും ഉദ്യോഗസ്ഥർ നേരിട്ടെത്തി സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. ഈ സാമ്പിളുകൾ കൃത്യമായ രാസപരിശോധനകൾക്ക് വിധേയമാക്കും.
കെമിക്കലുകളോ മറ്റ് രാസവസ്തുക്കളോ ചേർത്ത വ്യാജ കള്ള് കണ്ടെത്തുന്ന സാഹചര്യങ്ങളിൽ കടുത്ത നിയമനടപടികൾ സ്വീകരിക്കും. അത്തരം സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും ഉടനടി കേസുകൾ രജിസ്റ്റർ ചെയ്യും. ഓപ്പറേഷൻ ശുദ്ധിയിലൂടെ ഇവയെല്ലാം കൃത്യമായി നടപ്പിലാക്കും. വ്യാജ കള്ള് നിർമ്മാണമോ വിതരണമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച വിവരങ്ങൾ നേരിട്ട് 9447178000 എന്ന എക്‌സൈസ് കൺട്രോൾ റൂം നമ്പറിൽ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam