
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. ലഹരിക്കെതിരെയുള്ള ബഹുജന മുന്നേറ്റമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ ഇതുവരെ 2954 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ 84 പൊലീസ് സബ് ഡിവിഷനുകളിലായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് വ്യാപനത്തിന്റെ കാര്യത്തിൽ നിലവിൽ കേരളം പഞ്ചാബിനെപ്പോലും കടത്തിവെട്ടുന്ന രീതിയിലാണ് കാര്യങ്ങളെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല, ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ ലഹരിവിമുക്തമാക്കാം എന്ന വ്യാമോഹമില്ലെന്നും കൂട്ടിച്ചേർത്തു. ഇതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകണം. കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ വിപത്തിനെ പൂർണ്ണമായി ഇല്ലാതാക്കാൻ സാധിക്കൂ. നിലവിൽ എല്ലാ വിഭാഗം ആളുകളിൽ നിന്നും മികച്ച പിന്തുണയും സഹകരണവുമാണ് ഈ ദൗത്യത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല വിവരിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തുന്നത് തടയാൻ കർശനമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്. കൂടാതെ, സംസ്ഥാന ഡി ജി പി മറ്റ് സംസ്ഥാനങ്ങളിലെ ഡി ജി പിമാരുമായി സംസാരിച്ച് അന്തർസംസ്ഥാന ലഹരി ശൃംഖലകൾ തകർക്കാനാവശ്യമായ സംയുക്ത നീക്കങ്ങൾ ശക്തമാക്കിയതായും ആഭ്യന്തര മന്ത്രി അറിയിച്ചു. പെൺകുട്ടികൾ പോലും വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും പലയിടത്തും ബാഗ് പരിശോധിക്കുമ്പോഴാണ് ഇക്കാര്യം മനസിലാകുന്നതെന്നും ചെന്നിത്തല വിവരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam