
തിരുവനന്തപുരം; വിവാദ വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ നേരിട്ട് മറുപടി പറയുന്നതില്‍ നിന്ന് മുഖ്യമന്ത്രി മനപൂര്‍വ്വം ഒഴിഞ്ഞുമാറുന്നുവെന്ന് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം.സ്വർണ്ണ കടത്ത്, ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം, എകെജി സെന്റർ ആക്രമണം , മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ കാപ്പാ ചുമത്തൽ അടക്കമുള്ള വിഷയങ്ങളിലെ 26 ചോദ്യങ്ങൾ മാറ്റിയെന്നാണ് പരാതി. സഭയിൽ നേരിട്ട് ഉന്നയിക്കാൻ മുൻഗണനാ ക്രമം നൽകിയിട്ടും പൊതുപ്രാധാന്യമില്ലെന്ന് കാണിച്ച് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമാക്കി മാറ്റിയെന്നാണ് പരാതി. അംഗങ്ങളെ അറിയിക്കുക പോലും ചെയ്യാതെയുള്ള സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എപി അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകി. നിയമസഭാ സെക്രട്ടറിയേറ്റിൻറെ നടപടി ചട്ടങ്ങൾക്കും സ്പീക്കറുടെ മുൻ റൂളിംഗുകൾക്കും വിരുദ്ധമാണെന്നാണ് പരാതി.
സർവകലാശാല ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ തന്നെ; 24ന് അവതരിപ്പിക്കും, ലോകായുക്ത ബില്ല് നാളെ സഭയിൽ
സർവകലാശാലകളിൽ ചാൻസലറുടെ അധികാരം നിയന്ത്രിക്കാനുള്ള സർവകലാശാല ഭേദഗതി ബില്ലുമായി സർക്കാർ മുന്നോട്ട്. വിവാദ ബിൽ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും. മറ്റന്നാൾ ബിൽ അവതരിപ്പിക്കാനാണ് നീക്കം. ലോകായുക്ത ഭേദഗതി ബിൽ നാളെ നിയമസഭയിലെത്തും. നേരത്തെ 26ന് ബിൽ അവതരിപ്പിക്കായിരുന്നു നീക്കം. ഓഗസ്റ്റ് 25, 26, സെപ്തംബർ 2 എന്നീ ദിവസങ്ങളിൽ നിയമസഭ ഉണ്ടാകില്ല. 23, 24 ദിവസങ്ങളിലായി 12 ബില്ലുകൾ അവതരിപ്പിക്കും. ഒരു ദിവസം 6 ബിൽ എന്ന കണക്കിലായിരിക്കും ഇത്.
ഒരിഞ്ചും പിന്നോട്ടില്ലാതെ കടുപ്പിക്കുന്ന ഗവർണറെ അനുനയിപ്പിക്കാൻ വിസി നിയമന ഭേദഗതി ബിൽ മാറ്റിവച്ചേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ ഗവർണറോട് ഏറ്റുമുട്ടലിന് തന്നെ ഒരുങ്ങുകയാണ് സർക്കാർ. ബില്ലുമായി മുന്നോട്ട് പോകാൻ സിപിഎം രാഷ്ട്രീയ തീരുമാനമെടുക്കുകയായിരുന്നു. വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സെർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണറുടെയും യുജിസിയുടേയും സർവകലാശാലയുടേയും നോമിനികൾ മാത്രമുള്ള സമിതിയിൽ പുതുതായി വരുന്ന രണ്ട് അംഗങ്ങളിൽ ഒന്ന് സർക്കാർ നോമിനി. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ. കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങൾ മുന്നോട്ട് വയ്ക്കുന്ന പാനലിൽ നിന്ന് ഗവർണർ വിസിയെ നിയമിക്കണം. അതായത് അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാറിന് ഇഷ്ടമുള്ളയാളെ വിസിയാക്കാം. ഈ ബിൽ കൊണ്ടുവരാൻ വേണ്ടിയാണ് കേരള വിസി നിയമനത്തിനായി ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല ഇതുവരെ നോമിനെയെ നൽകാതിരിക്കുന്നത്. പ്രതിപക്ഷ എതിർപ്പ് തള്ളി സർക്കാറിന് ബിൽ എളുപ്പം പാസാക്കാം. പക്ഷെ ബില്ലിൽ ഗവർണർ ഒപ്പിടില്ലെന്നുറപ്പ്. സർവകലാശാല പ്രതിനിധി ഇല്ലാതെ തന്നെ കേരള വിസിയെ ഗവർണറുടെ സെർച്ച് കമ്മിറ്റി തീരുമാനിക്കാനും സാധ്യതയേറെ. വലിയ പോരിലേക്ക് തന്നെയാണ് കാര്യങ്ങൾ പോകുന്നത്.
ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടാൻ മടിച്ച അസാധാരണ സാഹചര്യം കണക്കിലെടുത്താണ് നിയമ നിർമാണത്തിനായി പ്രത്യേക നിയമസഭ സെഷൻ വിളിച്ചു ചേർത്തത്. നിയമ നിര്‍മാണത്തിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിൽ സഭ സമ്മേളിക്കായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാതെ വന്നതോടെ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു.