
കോഴിക്കോട്: കലോത്സവത്തിൽ ഏറ്റവുമധികം ജനപ്രീതിയുള്ള ഒരിനമാണ് ഒപ്പന. ഏറ്റവും കൂടുതൽ കാഴ്ചക്കാരെത്തുന്ന വേദിയും ഒരുപക്ഷേ ഇതാകാം. നിറയെ പൊന്നിട്ട് ഒരുങ്ങിയാണ് ഒപ്പന മത്സരത്തിനായി മത്സരാർത്ഥികളെത്തുക. എന്നാൽ ഇവരോടൊക്കെ നിങ്ങളുടെ കല്യാണത്തിന് ഇത്രയും സ്വർണം വേണോ എന്ന് ചോദിച്ചാൽ വേണ്ട എന്നാണ് ഉത്തരം. എന്നാൽ കിലോക്കണക്കിന് സ്വർണമണിഞ്ഞാണ് ഒപ്പനക്കായി മണവാട്ടിമാരും മറ്റുള്ളവരും എത്തുക. തങ്ങളുടെ കല്യാണത്തിന് സ്വർണമൊന്നും വേണ്ടെങ്കിലും ഒപ്പന മത്സരത്തിന് അരങ്ങിലെത്താൻ സ്വർണത്തിൽ കുളിച്ചു വരണമെന്നാണിവർ പറയുന്നത്.
ഒപ്പനശീലുകൾക്കൊപ്പം താളം പിടിക്കുമ്പോൾ പൊന്നാഭരണങ്ങളുടെ കലപിലയും അകമ്പടിയുണ്ട്. നെറ്റിപ്പട്ടം പോലെ കഴുത്തിലിറുകി കിടക്കുന്ന ദളമിന്നി, അനുസാരികളായി മാങ്ങമാല, ചങ്കേല്, പരന്നേല്, കല്ലുമണി, പതക്കം, ചക്രമാല. തോടയും ചിറ്റും മണിക്കാതിലയുമൊക്കെ കാതിലുമുണ്ട്. ഇതെല്ലാം കൂടി നൂറ്, നൂറ്റമ്പത് പവൻ തൂക്കം വരും. കൂടെയുള്ള തോഴിമാരും പൊന്നിൽ പിന്നിലല്ല. എന്നാൽ പൊന്നും പണവുമൊന്നും പെൺകുട്ടികളുടെ ജീവിതത്തിന്റെ തൂക്കം നിശ്ചയിക്കുന്നതിൽ യുവതലമുറ ഒറ്റസ്വരത്തിൽ എതിർപ്പ് പ്രകടിപ്പിക്കുന്നു.
കുറച്ച് മതി നമുക്ക്, ഇത്രയും സ്വർണത്തിന്റെയൊന്നും ആവശ്യമില്ല, ആവശ്യത്തിനുള്ളത് മതി എന്നുള്ളതാണ് ആഗ്രഹം, സിംപിളായിട്ടുള്ളതല്ലേ എപ്പോഴും നല്ലത്? റിയലായിട്ടഉള്ള കല്യാണത്തിന് ഇത്രയും സ്വർണത്തിന്റെയൊന്നും ആവശ്യമില്ല. ഇങ്ങനെ പോകുന്നു ഒപ്പന മത്സരത്തിലെ മണവാട്ടിമാരുടെ പ്രതികരണങ്ങൾ. എന്തായാലും കലോത്സവ വേദികളിലെ ഒപ്പന മത്സരത്തിന് പെൺകുട്ടികൾക്ക് സ്വർണം കൂടിയേ തീരൂ.
മോദിക്ക് 3 തവണ പന്തലൊരുക്കി; ഉമ്മറിക്കയ്ക്ക് ഏറ്റവുമിഷ്ടം കലോത്സവം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam