
തിരുവനന്തപുരം: എൻഡോസൾഫാൻ (Endosulfan) ഇരകളെ സർക്കാർ അവഗണിക്കുകയാണെന്ന് നിയമസഭയിൽ (Kerala Assembly) ഉന്നയിച്ച് പ്രതിപക്ഷം. അഞ്ച് ലക്ഷം രൂപയുടെ ആശ്വാസധനം എല്ലാവർക്കും നൽകാത്തതും റെമിഡിയേഷൻ സെല്ലിൻ്റെ പ്രവർത്തനം നിലച്ചതും പ്രതിപക്ഷം ഉന്നയിച്ചു. സെല്ലിൻ്റെ പ്രവർത്തനം ഉടൻ തുടങ്ങുമെന്നായിരുന്നു സർക്കാർ (Goverment) മറുപടി.
എൻഡോസൾഫാൻ ഇരകളെ ഒപ്പം നിർത്തി കാസർകോട് നിന്നും യാത്ര തുടങ്ങിയ പിണറായി അധികാരത്തിലെത്തിയപ്പോൾ ഇരകളെ മറന്നുവെന്ന് പ്രതിപക്ഷം പറയുന്നു. സുപ്രീം കോടതി നിർദ്ദേശിച്ചത് ഇരകൾക്കെല്ലാം അഞ്ച് ലക്ഷം രൂപ നൽകണമെന്നാണ്. സഹായത്തിന് അർഹരായവരുടെ പട്ടികയിലുള്ള 6727 പേരിൽ 1446 പേർക്ക് മാത്രമാണ് അഞ്ച് ലക്ഷം രൂപയുടെ ആശ്വാസധനം ഇതുവരെ നൽകിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി, പരാതിനൽകാനുള്ള റെമിഡിയേഷൻ സെല്ലിൻറെ പ്രവർത്തനം നിലച്ചുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയും പ്രതിപക്ഷം ഉന്നയിച്ചു. ന്യൂറോളജിസിറ്റിൻ്റെ സേവനമടക്കമുള്ള ചികിത്സ സൗകര്യം കാസർക്കോട് ഇല്ലാത്തത് കുഞ്ഞുങ്ങളുടെ മരണത്തിന് പോലും കാരണമാകുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇരകളോട് എന്നും അനുഭാവസമീപനം ഇടതുപക്ഷ സർക്കാർ സ്വീകരിച്ചെന്നായിരുന്നു സാമൂഹ്യക്ഷേമമന്ത്രിയുടെ മറുപടി, പുതിയ സർക്കാർ വന്നത് മൂലമുള്ള കാലതാമസമാണ് റെമഡിയേഷൻ സെല്ലിൻ്റെ പുനസംഘടന വൈകാൻ കാരണമെന്നും മന്ത്രി ബിന്ദുവിൻ്റെ വിശദീകരണം. സഹായധനത്തിന് അർഹരായവരുടെ പട്ടിക ശരിയല്ലെന്ന് പറഞ്ഞ കാസർക്കോട് മുൻ കളക്ടർ എൻഡോസൾഫാൻ്റെ ഏജൻറാണെന്ന് പ്രതിപക്ഷം ആരോപിച്ചച്ചോൾ മുൻ കളക്ടറുടെ നിലപാട് സർക്കാറും തള്ളി
അടിയന്തിരപ്രമേയ നോട്ടീസ് നൽകിയിട്ടും മുഖ്യമന്ത്രി മറുപടി പറയാതിരുന്നത് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും ഇറങ്ങിപോകാതെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടി ആവശ്യപ്പെട്ടെങ്കിലും പിണറായി വിജയൻ ഒന്നും പറഞ്ഞില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam