നിയമസഭയിൽ വരാൻ താത്പര്യമില്ലെങ്കിൽ അൻവർ രാജിവയ്ക്കണമെന്ന് വിഡി സതീശൻ

By Web TeamFirst Published Oct 6, 2021, 12:51 PM IST
Highlights

 അസുഖം കാരണം ഒരാൾ നീണ്ടകാലം വിട്ടു നിന്നാൽ നമ്മുക്ക് മനസ്സിലാക്കാം. എന്നാൽ ബിസിനസ് നടത്താനായി ഒരാൾ നിയമസഭ ഒഴിവാക്കുകയാണേൽ അദ്ദേഹം എംഎൽഎയായി ഇരിക്കേണ്ട കാര്യമില്ല

തിരുവനന്തപുരം: നിയമസഭയിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുന്ന നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെതിരെ (PV Anwar) പ്രതിപക്ഷം രംഗത്ത്. നിയമസഭയുടെ (Kerala assembly) മൂന്നാം സമ്മേളനം ചേരുമ്പോഴും അൻവർ വിദേശത്താണുള്ളത്. ഇതുവരെ ആകെ അഞ്ച് ദിവസമാണ് അൻവർ നിയമസഭയിൽ ഹാജരായത്. ഈ സാഹചര്യത്തിലാണ് അൻവറിനെതിരെ രൂക്ഷവിമർശനുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ (VD Satheesan) രംഗത്ത് വന്നത്.

വിഡി സതീശൻ്റെ വാക്കുകൾ -

എന്തുകൊണ്ടാണ് അൻവർ സഭയിലേക്ക് വരാത്തതെന്ന് വ്യക്തമാക്കേണ്ടത് സർക്കാരും പാർട്ടിയുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള മൂന്ന് മാസം അദ്ദേഹം സ്ഥലത്തില്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസമായിട്ടും അദ്ദേഹം സ്ഥലത്തില്ല. ഇങ്ങനെയാണെങ്കിൽ അദ്ദേഹം രാജിവച്ചു പോകുന്നതാണ് നല്ലത്.  അസുഖം കാരണം ഒരാൾ നീണ്ടകാലം വിട്ടു നിന്നാൽ നമ്മുക്ക് മനസ്സിലാക്കാം. എന്നാൽ ബിസിനസ് നടത്താനായി ഒരാൾ നിയമസഭ ഒഴിവാക്കുകയാണേൽ അദ്ദേഹം എംഎൽഎയായി ഇരിക്കേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ അൻവറാണ് തീരുമാനമെടുക്കേണ്ടത്. അല്ലെങ്കിൽ എൽഡിഎഫൊരു നിലപാട് എടുക്കണം. നിയമസഭാ ചട്ടപ്രകാരവും ഭരണഘടനയും അനുസരിച്ച് ഈ വിഷയത്തിൽ പ്രതിപക്ഷം നീങ്ങും. വേണ്ട നടപടികൾ  കൃത്യസമയത്ത് തുടങ്ങും. 

ഏതെങ്കിലും ഒരു അംഗം അറുപത് ദിവസം തുടർച്ചയായി സഭയിൽ ഹാജരാകാതിരുന്നാൽ പരാതി ലഭിച്ചില്ലെങ്കിലും അയാളുടെ നിയമസഭാംഗത്വം റദ്ദാവും എന്നാണ് നിയമസഭയുടെ 194/4 ചട്ടത്തിൽ പറയുന്നത്.  ഈ ചട്ടം നിയമസഭയിൽ അൻവറിനെതിരെ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. അതേസമയം വിദേശത്തുള്ള അൻവർ ഈ മാസം 15-ന് തിരിച്ചെത്തുമെന്നാണ് സിപിഎം വൃത്തങ്ങൾ പറയുന്നത്. 

click me!