
തിരുവനന്തപുരം:ഗവർണ്ണറുടെ കടക്ക് പുറത്തിനെതിരെ മന്ത്രിമാരും സിപിഎം നേതാക്കളും കടുത്ത വിമർശനമുയർത്തുമ്പോൾ മാധ്യമ നിയന്ത്രണത്തിനുള്ള സർക്കാർ നീക്കം വിവാദത്തിൽ. ഓൺലൈൻ അധിക്ഷേപം നിയന്ത്രിക്കാനെന്ന പേരിലുള്ള ബില്ലിലെ വ്യവസ്ഥകൾ എല്ലാതരം മാധ്യമങ്ങൾക്കും ബാധകമാകും വിധത്തിലാണ്. ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് പ്രതിപക്ഷനേതാവ് മുന്നറിയിപ്പ് നൽകി. ദുരുപയോഗ സാധ്യത ഒഴിവാക്കാനാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനറെ പരിഗണനക്ക് വന്ന ബിൽ മാറ്റിയതെന്നാണ് സർക്കാർ വിശദീകരണം.
കൈരളിയെയും മീഡിയാ വണ്ണിനെയും വിലക്കിയ ഗവർണ്ണർക്കെതിരെ മന്ത്രിമാരും സിപിഎം നേതാക്കളും ഉയർത്തുന്നത് കടുത്ത എതിർപ്പ്. മാധ്യമസ്വാതന്ത്രത്തിനായി പാർട്ടിനേതാക്കൾ ഘോരമായി വാദിക്കുമ്പോഴാണ് ഇടത് സർക്കാർ മാധ്യമനിയന്ത്രണ ബിൽകൊണ്ടുവരുന്നത്. ഐപിസി 292 ആം വകുപ്പ് ഭേദഗതി ചെയ്ത് കൊണ്ടുവരുന്ന 292 -എ നൽകുന്നത് മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള വിപുലമായ അധികാരങ്ങൾ. അശ്ലീലമോ അപമാനകരമോ ഭീഷണിപ്പെടുത്താനോ ഉള്ള ഉള്ളടക്കമുള്ള ചിത്രമോ പൊതുജനങ്ങൾക്ക് കാണുന്ന വിധം നൽകിയാൽ കുറ്റകരമാക്കുന്നതാണ് ഭേദഗതി. നേരത്തെ വൻവിവാദത്തെ തുടർന്ന് റദ്ദാക്കിയ 118 എ യിലെ സമാനമായ വകുപ്പുകളാണ് വീണ്ടും വരുന്നത്. സൈബറിടത്താണ് നിയന്ത്രണത്തിന് ശ്രമമെന്ന വിശദീകരണമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൻറെ പരിഗണനക്ക് വന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു. ദുരുപയോഗ സാധ്യത കൂടി ഒഴിവാക്കാനാണ് മാറ്റിയതെന്നും വിശദീകരണമുണ്ട്. പക്ഷെ വൻവിവാദമായി ഒഴിവാക്കിയ വകുപ്പുകൾ വീണ്ടും അതീവരഹസ്യമായി കൊണ്ടുവരാൻ തന്നെയായിരുന്നു സർക്കാർ ശ്രമം.
സൈബറിടത്ത് സർക്കാറിനെതിരെ ഉയരുന്ന കടുത്ത വിമർശനങ്ങളെയും ക്യാമ്പയിനുകളെയും നിയന്ത്രിക്കാൻ നേരത്തെ തന്നെ ആലോചന ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓരോ പോസ്റ്റുകൾക്കും താഴെ വരുന്നത് വലിയ വിമർശനങ്ങളാണ്. സൈബറെന്ന് പറയുമ്പോഴും രഹസ്യമായി കൊണ്ടുവന്ന ബിൽ വഴി ഏത് മാധ്യമത്തെയും മാധ്യമപ്രവർത്തകരെയും നിയമത്തിൽ കുരുക്കാൻ തന്നെയായിരുന്നു ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam