സ്ത്രീ സുരക്ഷാ പദ്ധതി സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം, പഠിക്കട്ടേയെന്ന് മുഖ്യമന്ത്രി; പാവപ്പെട്ടവരോട് വീറും വാശിയും കാണിക്കരുതെന്ന് പിണറായി

Published : Jun 29, 2026, 10:46 AM IST
PINARAYI SATHEESAN

Synopsis

എൽ ഡി എഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതിയെ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. എന്നാൽ, ഗുണഭോക്തൃ പട്ടികയിൽ അപാകതകളുണ്ടെന്നും വിശദമായ പരിശോധനയ്ക്ക് ശേഷമേ തുടർനടപടികൾ ഉണ്ടാകൂ എന്നും മുഖ്യമന്ത്രി വി.ഡി സതീശൻ മറുപടി നൽകി

തിരുവനന്തപുരം: എൽ ഡി എഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി സർക്കാർ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. റൂൾ 50 പ്രകാരം എൽ ഡി എഫ് എം എൽ എ എ സി മൊയ്തീനാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഗാർഹിക ജോലികളുടെ മൂല്യം തിരിച്ചറിഞ്ഞ് മുൻ സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ പദ്ധതിയാണിതെന്നും 14 ലക്ഷത്തോളം വരുന്ന പാവപ്പെട്ട സ്ത്രീകളുടെ ക്ഷേമ പദ്ധതിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിവേഗത്തിൽ തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന് പാവപ്പെട്ട സ്ത്രീകളുടെ കാര്യത്തിൽ മാത്രം വേഗതയില്ലാത്തത് എന്തുകൊണ്ടാണെന്ന് പരിഹസിച്ച മൊയ്തീൻ, സർക്കാരിന്റേത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കുറ്റപ്പെടുത്തി. എന്നാൽ, തെരഞ്ഞെടുപ്പിന് വെറും ഒരു മാസം മുൻപ് യാതൊരുവിധ തയ്യാറെടുപ്പുകളുമില്ലാതെയാണ് മുൻ സർക്കാർ ഈ പദ്ധതി നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യഘട്ട സഹായ വിതരണവും നടത്തിയതിലും ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത രീതിയിലും വലിയ അപാകതകളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും നിലവിലുള്ള പരാതികൾ കൃത്യമായി പരിശോധിക്കാതെ ഇതിൽ തുടർ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രതിബദ്ധത ഉയർത്തി മുഖ്യമന്ത്രി

തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായ മാനദണ്ഡങ്ങളോടെ തയ്യാറാക്കിയ ലിസ്റ്റിൽ യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തുകളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഉദ്ഘാടനത്തിന് എത്രയോ മുൻപ് തന്നെ പദ്ധതിയുടെ ഔദ്യോഗിക നടപടികൾ തുടങ്ങിയതാണെന്നും എ സി മൊയ്തീൻ മുഖ്യമന്ത്രിയുടെ വാദങ്ങളെ പ്രതിരോധിച്ചു. എന്നാൽ, പദ്ധതി നടപ്പാക്കുന്നതിൽ മുൻ സർക്കാരിന് യഥാർത്ഥ പ്രതിബദ്ധത ഉണ്ടായിരുന്നെങ്കിൽ പോകുന്ന പോക്കിലാണോ ഇത് ചെയ്യേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ശമ്പള പരിഷ്കരണ കമ്മീഷന്റെ കാര്യത്തിലടക്കം മുൻ എൽ ഡി എഫ് സർക്കാർ ഇതാണ് ചെയ്തതെന്നും സതീശൻ കുറ്റപ്പെടുത്തി. യഥാർത്ഥ പ്രതിബദ്ധത ഉള്ളതുകൊണ്ടാണ് നിലവിലെ സർക്കാർ സ്ത്രീകൾക്കായി 'പ്രിയദർശിനി സൗജന്യ യാത്ര' പദ്ധതി നടപ്പാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 10 വർഷം അധികാരത്തിൽ ഇരുന്ന സര്ക്കാർ അവസാന നിമിഷമാണ് ഈ പദ്ധതി കൊണ്ടുവരുന്നത്. പ്രകടന പത്രികയിൽ ഉള്ള കാര്യം സർക്കാർ കാലാവധി തീരുമ്പോഴാണോ നടപ്പാക്കേണ്ടത്. സ്ത്രീകളുടെ കെ എസ് ആർ ടി സി സൗജന്യ യാത്ര ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ യു ഡി എഫ് സർക്കാർ തീരുമാനിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പോകുന്ന പോക്കിൽ ശമ്പള കമ്മീഷൻ അടക്കം സാമ്പത്തിക ബാധ്യതകൾ അടുത്ത സർക്കാരിന് മേൽ കെട്ടിവയ്ക്കുകയാണ് ചെയ്തത്. 16 മാസത്തെ ക്ഷേമ പെൻഷൻ ബാധ്യത ഈ സർക്കാരിന്‍റെ തലയിലാണ്. ഒരു സമിതിയും ഇല്ലാതെ നിങ്ങളുടെ ഏരിയ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും ആണ് ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിയത്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു സ്ത്രീകളോട് എൽ ഡി എഫ് സർക്കാർ ഈ സ്നേഹം കാട്ടിയത്. വിശദമായി പഠിച്ച ശേഷം മാത്രം പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വിവരിച്ചു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.

പാവപ്പെട്ടവരോട് വീറും വാശിയും കാണിക്കരുത്

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി. കെ സ്മാർട്ട് വഴിയാണ് മുൻ സർക്കാർ അപേക്ഷ സ്വീകരിച്ചതെന്നും തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിച്ച ഗുണഭോക്താക്കൾക്കാണ് ധനസഹായം അനുവദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീ സുരക്ഷ പെൻഷൻ അട്ടിമറിക്കാനുള്ള ശ്രമം മുഖ്യമന്ത്രിയെ പോലൊരാളിൽ നിന്ന് ഉണ്ടാകേണ്ട നിലപാടല്ലെന്നും പിണറായി വിമർശിച്ചു. പദ്ധതി തുടരാൻ കഴിയുമെന്ന് ഇപ്പോഴും മുഖ്യമന്ത്രി പറയാൻ തയ്യാറാകുന്നില്ല. പതിനാറ് ലക്ഷം ഗുണഭോക്താക്കളുള്ള പദ്ധതിയാണ്. പാവപ്പെട്ട സ്ത്രീകളോട് വീറും വാശിയും കാണിക്കരുതെന്നും സർക്കാരിനോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മറ്റ് നടപടികളിലേക്ക് കടക്കുന്നില്ലെന്ന് പിണറായി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിഎം ശ്രീ കരാർ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതമായതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ നിയമസഭയിൽ; 'കരാറിൽ നിന്ന് സർക്കാരിന് പിന്മാറാൻ കഴിയില്ല'
വർഷങ്ങൾ നീണ്ട നിയമ പോരാട്ടം, കൊളുക്കുമലയിൽ 100 ഏക്കർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു, സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ടെൻറ് ക്യാമ്പിംഗും ഒഴിപ്പിച്ചു