കൊവിഡ് പ്രോട്ടോക്കോള്‍ ലംഘന വിവാദം; കടുപ്പിച്ച് പ്രതിപക്ഷം, എന്തും പറയാമെന്ന നിലയാവരുതെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Apr 15, 2021, 1:22 PM IST
Highlights

കൊവിഡ് മുക്തനായ മുഖ്യമന്ത്രിക്ക് വലിയ യാത്ര അയപ്പൊന്നും നൽകിയിട്ടില്ല. എന്തും പറയാമെന്ന നിലയാവരുത് കാര്യങ്ങളെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കവേ മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആറാം തിയതിയാണ്. അന്ന് രാവിലെയാണ് മുഖ്യമന്ത്രി വോട്ടുചെയ്യുന്നത്. അതിലെന്താണ് ചട്ടലംഘനമെന്നാണ് ആരോഗ്യമന്ത്രിയുടെ ചോദ്യം. മുഖ്യമന്ത്രിക്ക് നാലാം തിയതി മുതൽ ലക്ഷണം ഉണ്ടെന്ന് സൂപ്രണ്ടിന് എങ്ങനെയാണ് പറയാൻ സാധിക്കുക. പ്രിസിപ്പാളാണ് ഇക്കാര്യം പറയുക. കൊവിഡ് മുക്തനായ മുഖ്യമന്ത്രിക്ക് വലിയ യാത്രയപ്പൊന്നും നൽകിയിട്ടില്ല. എന്തും പറയാമെന്ന നിലയാവരുത് കാര്യങ്ങളെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തതെന്നും കൊവിഡ് പോസിറ്റീവായ മുഖ്യമന്ത്രി ആറാം നാള്‍ ആശുപത്രി വിട്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ ആരോപിച്ചു. സ്വന്തം കാര്യം വരുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രോട്ടോക്കോള്‍ ബാധകമല്ലേയെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ചോദ്യം. മുഖ്യമന്ത്രിക്ക് നാലാം തിയ്യതി രോഗ ലക്ഷണങ്ങളുണ്ടായിരുന്നെങ്കിൽ അന്ന് നടത്തിയ റോഡ്ഷോ ലംഘനമല്ലേ. കൊവിഡ് പോസിറ്റീവായ ഒരാള്‍ക്ക് പത്താം നാളാണ് വീണ്ടും പരിശോധന നടത്തേണ്ടതെങ്കിലും മുഖ്യമന്ത്രി നേരത്തെ പരിശോധന നടത്തി ആശുപത്രി വിട്ടെന്നും മുരളീധരന്‍ പറഞ്ഞു. 

മുഖ്യമന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് മഞ്ചേരിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഷാൻ കൊടുവണ്ടിയാണ് ഗവര്‍ണര്‍ക്ക് പരാതിനല്‍കിയത്. അതേസമയം മുഖ്യമന്ത്രിക്ക് നേരിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും ഇത്തരത്തിലുളള ആളുകള്‍ക്ക് ലക്ഷണം തുടങ്ങി പത്താം നാള്‍ പരിശോധന നടത്താമെന്നുമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മുഖ്യമന്ത്രിക്കായി പ്രൊട്ടോക്കോളില്‍ ഇളവ് നല്‍കിയിട്ടില്ലെന്നും മെഡിക്കല്‍ കോളജ് വ്യക്തമാക്കി.
 

click me!