
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിക്കാതെ ഒളിച്ചോടി പ്രതിപക്ഷം. അടിയന്തിരപ്രമേയ നോട്ടീസ് ഇല്ലാത്തതിന് സാങ്കേതിക ന്യായം നിരത്തിയും മാധ്യമങ്ങളെ കുറ്റം പറഞ്ഞും പ്രതിപക്ഷനേതാവ് വിഡി സതീശൻ ഒഴിഞ്ഞുമാറി. ശശിധരൻ കർത്തയിൽ നിന്നും യുഡിഎഫ് നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ലെന്നും പാർട്ടി നിർദ്ദേശ പ്രകാരമാണ് നടപടിയെന്നും വി ഡി സതീശൻ ന്യായീകരിച്ചു.
വീണാ വിജയൻ സിഎംആർഎല്ലിൽ നിന്നും മാസപ്പടി വാങ്ങിയെന്നാണ് ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ. മുഖ്യമന്ത്രിയെയും സർക്കാറിനെയും നിയമസഭയിൽ മുൾമുനയിൽ നിർത്താമായിരുന്നു സുവർണ്ണാവസരം പക്ഷേ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചില്ല. അഴിമതിയാരോപണങ്ങളുടെ പരമ്പരകൾ അടിയന്തിര പ്രമേയമായി എന്നുമുയർത്തി മുഖ്യമന്ത്രിയോട് പോരടിച്ച വിഡി സതീശന്റെ ഇന്നത്തെ പോര് മീഡിയാറൂമിൽ മാധ്യമങ്ങളോടായിരുന്നു. പാർട്ടി പറഞ്ഞാണ് നേതാക്കൾ പണം വാങ്ങിയതെന്ന് പ്രതിപക്ഷനേതാവ് പറയുമ്പോൾ രേഖയിൽ പേരുള്ള രമേശ് ചെന്നിത്തല പ്രതികരിക്കാതെയൊഴിഞ്ഞു. നേതാക്കൾ പണം വാങ്ങിയതിന് കണക്കുണ്ടോ എന്ന ചോദ്യത്തിനും യുഡിഎഫിന് കൃത്യമായ മറുപടിയില്ല.
നേതാക്കൾ സംഭാവന വാങ്ങും പോലെയല്ല വീണക്കുള്ള മാസപ്പടിയെന്നാണ് യുഡിഎഫ് പറയുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സഭാ സമ്മേളനത്തിൻറെ അവസാന ദിവസമായ ഇന്ന് മാസപ്പടി അടിയന്തിര പ്രമേയമാക്കുന്നതിൽ യുഡിഎഫിൽ ഇന്നലെ രാത്രിവരെ രൂക്ഷമായ ഭിന്നതയുണ്ടായി. മുതിർന്ന കോൺഗ്രസ് നേതാക്കളും ലീഗും തിരിച്ചടിക്കുമെന്ന നിർബന്ധം പിടിച്ചു. അതോടെയാണ് ആളിക്കത്തുമെന്ന് കരുതിയ മാസപ്പടി മുക്കി സർക്കാറിന് കൈത്താങ്ങൊരുക്കിയുള്ള പ്രതിപക്ഷ പിന്മാറ്റം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam