കമലിന്റെ കത്ത് പുറത്തുവിട്ട് ചെന്നിത്തല, പിൻവാതിൽ നിയമനങ്ങൾക്കെതിരെ പ്രതിപക്ഷം, ന്യായീകരിച്ച് പിണറായി

By Web TeamFirst Published Jan 12, 2021, 11:49 AM IST
Highlights

ചീഫ് സെക്രട്ടറി ഓഫീസിവടക്കം നിയമനങ്ങൾ നടത്തുന്ന മിൻറ് ആരാണെന്ന് ചെന്നിത്തല ചോദിച്ചു. ഏഷ്യാനെറ് ന്യൂസ് പരമ്പര പുറത്ത് കൊണ്ട് വന്ന കിലയിലെ സ്ഥിരപ്പെടുത്തലും സഭയിൽ ചെന്നിത്തല ഉന്നയിച്ചു.

തിരുവനന്തപുരം: കൂട്ടസ്ഥിരപ്പെടുത്തലുകളും പിൻവാതിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. കരാറുകാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സാംസ്കാരിക മന്ത്രി എകെ ബാലന് അയച്ച കത്തും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ടു. ഇടത് അനുഭാവം ഉള്ളവരെ സ്ഥിരപ്പെടുത്തുന്നത് അക്കാദമിയുടെ ഇടത് സ്വഭാവം നിലനിർത്താൻ സഹായകരമാകുമെന്ന് മന്ത്രിയ്ക്കുള്ള കത്തിൽ കമൽ പറയുന്നതായി ചെന്നിത്തല ആരോപിച്ചു.

ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ, പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത്‌ നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്‌ കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന്‌ സഹായകമായിരിക്കും. ഈ വസ്തുതകള്‍ പരിഗണിച്ച്‌ 1. ഷാജി എച്ച്‌. (ഡെപ്യുട്ടി ഡയറക്ടര്‍- ഫെസ്റ്റിവല്‍), 2. റിജോയ്‌ കെ.ജെ (പ്രോഗ്രാം മാനേജര്‍-ഫെസ്റ്റിവല്‍) 3) എന്‍.പി സജീഷ്‌ (ഡെപ്യൂട്ടി ഡയറക്ടര്‍- പ്രോഗ്രാംസ്‌), 4. വിമല്‍ കുമാര്‍ വി.പി (പ്രോഗ്രാം മാനേജര്‍ - പ്രോഗ്രാംസ്‌) എന്നീ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്‌ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. - എന്നാണ് കത്തിൽ പറയുന്നത്.

എന്നാൽ നിയമനത്തിന്റെ മാനദണ്ഡം ഇത്തരം കാരണങ്ങളല്ലെന്ന് സാംസ്ക്കാരിക മന്ത്രി മറുപടി നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു . ഏഷ്യാനെറ് ന്യൂസ് പരമ്പര പുറത്തുകൊണ്ട് വന്ന കിലയിലെ സ്ഥിരപ്പെടുത്തലും സഭയിൽ ചെന്നിത്തല ഉന്നയിച്ചു. ചീഫ് സെക്രട്ടറി ഓഫീസിലടക്കം നിയമനങ്ങൾ നടത്തുന്ന തൈക്കാടുള്ള മിൻറ് ആരാണെന്നും അതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്നും ചെന്നിത്തല ചോദിച്ചു. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല.  പബ്ലിക് സർവീസ് കമ്മീഷൻ പാർട്ടി സർവീസ് കമീഷൻ ആയെന്ന് ഷാഫി പറമ്പിലും ആരോപിച്ചു. നിയമനത്തിൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. 

പിഎസ് സിയുടെ ഇരട്ടി താത്കാലിക നിയമനങ്ങളാണ് ഈ സർക്കാർ നടത്തിയതെന്ന് ഷാഫി ചൂണ്ടിക്കാട്ടി. എകെജി സെന്ററിലേക് നിയമനം നടത്തുന്നതു പോലെ ആകരുത് പിഎസ്സി നിയമനം. റാങ്ക് ലിസ്റ്റുകളുടെ ശവപ്പറമ്പായി കേരളത്തെ മാറ്റി. ലോക്സഭ തെരഞ്ഞെടുപ്പിൽ 19 കരണത്തടി കിട്ടിയത് ഓർക്കണമെന്നും ഷാഫി ഓർമ്മിപ്പിച്ചു. കേരളത്തിലെ യുവാക്കൾക്ക് കൊച്ചാപ്പമാരും ചിറ്റപ്പന്മാരും ഇല്ലാത്തത് അവരുടെ കുറ്റം ആണോ? സ്വപ്നയുടെ നിയമനത്തിനായി മാനദണ്ഡം എല്ലാം മാറ്റി. ലൈബ്രറി കൗൺസിൽ നിയമനം യുഡിഎഫ് സർക്കാർ പിഎസ്സിക്ക് വിട്ടു. എന്നാൽ ഈ സർക്കാർ തീരുമാനം അട്ടിമറിച്ചു. കിലയിൽ അടക്കം എല്ലാവരെയും സ്ഥിരപ്പെടുത്തുന്നു. കാലിക്കറ്റ് സർവകലാശാലയിൽ 116 അധ്യാപകരെ പിൻവാതിൽ വഴി  നിയമിക്കാൻ ശ്രമിച്ചതായും ഷാഫി ആരോപിച്ചു. 

എന്നാൽ നിയമനത്തിൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. റാങ്ക് ലിസ്റ്റിലുള്ള നിശ്ചിത ആളുകൾക്ക് മാത്രമേ നിയമനം ലഭിക്കൂ. തിരുവനന്തപുരത്തെ അനുവിന്റെ ആത്മഹത്യ നിർഭാഗ്യകരമാണ്. നിയമനം കിട്ടാത്തതിൽ യുവാക്കൾക്കു നിരാശ ഉണ്ടാകുന്നത് സ്വാഭാവികം. അത് പരിഹരിക്കാൻ സംവിധാനം ഉണ്ടാക്കും. ദശാബ്ദങ്ങളായി ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നത് മാനുഷിക പരിഗണന നോക്കിയാണെന്നും പിണറായി പറഞ്ഞു. ഏതെങ്കിലും ഒരു പക്ഷക്കാരെ മാത്രമല്ല സ്ഥിരപ്പെടുത്തുന്നത്. 10 വർഷം സർവീസ് ഉള്ളവരെയും പിഎസ്സി റാങ്ക് ലിസ്റ്റ് ഇല്ലാത്ത തസ്തികകളിലുമാണ് സ്ഥിരപ്പെടുത്തൽ. സ്ഥിരപ്പെടുത്തൽ മുൻ സർക്കാരും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി. 

click me!