ജലീലിനെതിരെ അന്വേഷണമാവശ്യപ്പെട്ട്‍ ഗവർണർക്ക് ചെന്നിത്തലയുടെ കത്ത്, മന്ത്രിക്ക് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ക്ലീൻ ചിറ്റ്

By Web TeamFirst Published Oct 23, 2019, 1:17 PM IST
Highlights

പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയില്‍ നിയമം ലംഘിച്ചതിന്റെ തെളിവ് പുറത്തുവന്ന സാഹചര്യത്തില്‍ സംഭവത്തില്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ നടത്തിപ്പിൽ മന്ത്രി കെ ടി ജലീൽ അനധികൃതമായി ഇടപെട്ടുവെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല വീണ്ടും ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി. പരീക്ഷാ നടത്തിപ്പിനായി പുതിയ കമ്മിറ്റി രൂപീകരിച്ച് മന്ത്രി ഉത്തരവിറക്കിയത് സര്‍വ്വകലാശാല സ്വയംഭരണാവകാശത്തിന്മേലുള്ള കൈ കടത്തലാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയില്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന്റെ തെളിവ് സഹിതം പുറത്തുവന്ന സാഹചര്യത്തില്‍ സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് ഗവർണ‍‍‍ർക്ക് നൽകിയിരിക്കുന്ന കത്തിലെ ആവശ്യം.

സാങ്കേതിക സർവകലാശാലയിലെ ചോദ്യപ്പേപ്പർ തയ്യാറാക്കലിനും പരീക്ഷ നടത്തിപ്പ് പരിഷ്ക്കരണത്തിനും മന്ത്രി നേരിട്ട് ഇടപ്പെട്ടുവെന്ന പുതിയ ആരോപണം ഇന്നലെയാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. എന്നാൽ പരീക്ഷാ നടത്തിപ്പിൽ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് പരീക്ഷാ സമിതി കാര്യക്ഷമമാക്കണമെന്ന നിർദ്ദേശം മാത്രമാണ് നൽകിയതെന്നായിരുന്നു വിഷയത്തിൽ മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

Read More: മാർക്ക് ദാന വിവാദം; കെ ടി ജലീലിന് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ക്ലീൻ ചിറ്റ്

സാങ്കേതിക സർവകലാശാലകളുടെ പരീക്ഷാ നടത്തിപ്പിനായി എക്സാമിനേഷൻ മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചു കൊണ്ടിറക്കി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്കെതിരെ രമേശ് ചെന്നിത്തല രംഗത്തെത്തിയത്. പരീക്ഷാ കൺട്രോളറുടെ നിയന്ത്രണത്തിലൂണ്ടായിരുന്ന കമ്മിറ്റിയെ മാറ്റി 6 അംഗസമിതിക്ക് സംശയം വർദ്ധിപ്പിക്കുന്നുവെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. 

പരീക്ഷ നടത്തിപ്പിനായി നിലവിലുണ്ടായിരുന്ന കമ്മിറ്റിയെ മാറ്റി പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ മന്ത്രി ഉത്തരവിറക്കിയത് സര്‍വ്വകലാശാലയുടെ സ്വയംഭരണാവകാശത്തിന്മേലുള്ള കൈകടത്തലും പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തലുമാണെന്ന് ഗവർ‍ണ‍‍‍ർക്ക് നൽകിയ കത്തിൽ ആവ‍‍ർത്തിച്ചു.

ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രി ഇറക്കിയ ഉത്തരവ് അതേപോലെ നടപ്പിലാക്കിയ വൈസ്  ചാന്‍സലര്‍ക്ക് അക്കാര്യത്തില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് കത്തില്‍ പറഞ്ഞു. നേരത്തെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ചട്ടവിരുദ്ധമായ ഇടപെടല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് പ്രതിപക്ഷനേതാവ് രണ്ട് കത്തുകള്‍ നല്‍കിയിരുന്നു. ഇതിനു പുറമേയാണ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിന്റെ പുതിയ തെളിവ് പുറത്തുവന്ന സാഹചര്യത്തില്‍ മൂന്നാമതും ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയത്.  

മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് ജലീലിനെതിരായ പരാതിയുമായി വീണ്ടും ഗവ‍ർണറെ കാണുന്നത്. കൂടുതൽ മാർക്ക് നൽകാൻ മന്ത്രിയോ മന്ത്രിയുടെ ഓഫീസോ നിർദ്ദേശിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നത്. 

click me!