തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് ക്ലീൻ ചിറ്റ് നൽകി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്. കൂടുതൽ മാർക്ക് നൽകാൻ മന്ത്രിയോ മന്ത്രിയുടെ ഓഫീസോ നിർദ്ദേശിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇതിനിടെ ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് മൂന്നാമതും കത്ത് നൽകി.

മാർക്ക് ദാനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. 2019 ഫെബ്രുവരി 22ന് നടന്ന അദാലത്തിൽ മാർക്ക് അധികമായി നൽകാൻ തീരുമാനം എടുത്തില്ലെന്നാണ് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർ‍ട്ടില്‍ പറയുന്നത്. അദാലത്തിൽ പങ്കെടുത്ത ആളെന്ന നിലയിൽ ഇക്കാര്യത്തിൽ തനിക്ക് നേരിട്ട് ബോധ്യമുണ്ടെന്നും ഉഷ ടൈറ്റസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

തലേദിവസം ചേർന്ന സിൻഡിക്കേറ്റിന്റെ അനൗദ്യോഗിക യോഗമാണ് മാർക്ക് നൽകാൻ തീരുമാനിച്ചത്. അദാലത്തിൽ മന്ത്രിയോ മന്ത്രിയുടെ ഓഫീസോ ആർക്കും മാർക്ക് നൽകാൻ വാക്കാലോ രേഖാമൂലമോ നിർദ്ദേശിച്ചിരുന്നില്ല. മാർക്ക് നൽകാൻ അക്കാദമിക് കൗൺസിൽ ചേരണമെന്ന വിസിയുടെ റിപ്പോർട്ട് തളളിയതോടെ സിൻഡിക്കേറ്റാണ് വീണ്ടും ഒരു മാർക്ക് കോതമംഗലത്തെ സ്വാശ്രയ കോളേജ് വിദ്യാർത്ഥിക്ക് നൽകാൻ തീരുമാനിച്ചത്. ഏപ്രിലിൽ നടന്ന സിൻഡിക്കേറ്റാണ് ബിടെക് വിദ്യാർത്ഥികൾക്ക് അഞ്ച് മാർക്ക് മോഡറേഷൻ നൽകാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

മാർക്ക് നൽകിയതിൽ മന്ത്രി ഇടപെട്ടില്ലെന്ന വൈസ് ചാൻസലർമാരുടെ റിപ്പോർട്ടിന് പിന്നാലെ മന്ത്രിക്ക് ക്ലീൻചിറ്റ് നൽകി പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് കൂടി വന്നതോടെ പന്ത് ഇനി ഗവർണറുടെ കോർട്ടിലാണ്. ഇതിനിടെ സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ നടത്തിപ്പിൽ മന്ത്രി അനധികൃതമായി ഇടപെട്ടുവെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല വീണ്ടും ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി. പരീക്ഷ നടത്തിപ്പിനായി പുതിയ കമ്മിറ്റി രൂപീകരിച്ച് മന്ത്രി ഉത്തരവിറക്കിയത് സര്‍വ്വകലാശാല സ്വയംഭരണാവകാശത്തിന്മേലുള്ള കൈകടത്തലാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.