
ഇടുക്കി: ഒരു പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് ഗുണ്ടകളെ പറഞ്ഞുവിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി.ഡി.സതീശൻ. ഗുണ്ടകളെ വീട്ടിലേക്ക് വിട്ടാല്‍ താന്‍ പേടിക്കില്ല. പതിനായിരം പൊലീസിന്‍റെ സംരക്ഷണം തേടുന്ന പിണറായിയല്ല താനെന്നും സതീശൻ വ്യക്തമാക്കി. വിരട്ടാന്‍ നോക്കേണ്ട. മുഖ്യമന്ത്രിയേ വിരളൂ. ഞങ്ങള്‍ വിരളില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ കയറിയവർക്ക് ജാമ്യവും സർക്കാറിനെതിരെ സമരം ചെയ്തവരെ തുറുങ്കിൽ അടക്കുകയും ചെയ്യുകയാണ്. ഇത് ഇരട്ട നീതിയാണെന്നും സതീശൻ ആരോപിച്ചു.
പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമിനലുകളെ പറഞ്ഞയക്കുകയാണ്. തന്‍റെ വീട്ടിലേയ്ക്ക് ആളെ പറഞ്ഞ് വിടാൻ താന്‍ ഒരു നിയമ വിരുദ്ധ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള അക്രമമെന്നും സതീശൻ ആരോപിച്ചു.
സിപിഎം പ്രവർത്തകരുടെ അഴിഞ്ഞാട്ടമാണ് തൊടുപുഴയിൽ നടന്നത്. സിപിഎം ഗുണ്ടകളാണ് ആക്രമണം നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടി ഗുണ്ടാ രാജ് നടപ്പിലാക്കുകയാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. പൊലീസ് സിപിഎമ്മിന്റെ അഴിഞ്ഞാട്ടത്തിന് കൂട്ട് നില്‍ക്കുകയാണ്. വിമാനത്തിലെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ കള്ള പരാതിയാണ് നൽകിയിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.