
കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ് കൊടുക്കാനുള്ള തീരുമാനം ഏത് അദൃശ്യ ശക്തിയുടേതെന്നാണ് കോടതി ചോദിച്ചതെന്നും ഉപജാപക സംഘം എന്ന് കോടതിക്ക് പറയാനാകില്ലലോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപി അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലന്‍സ് റിപ്പോര്‍ട്ട് രൂക്ഷ വിമര്‍ശനത്തോടെയാണ് വിജിലന്‍സ് കോടതി തള്ളിയത്. സ്വന്തക്കാർക്കു വേണ്ടി എന്തും ചെയ്തു കൊടുക്കുന്ന ഒരു അദൃശ്യശക്തി ഈ സർക്കാരിന്‍റെ മറവിലുണ്ട്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണം. മൗനത്തിന്‍റെ വാൽമീകത്തിൽ ഒളിക്കരുത്.
ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്ക് നേരെയും പൊലീസ് ഭരണത്തിന് നേരെയും കോടതിയിൽ നിന്ന് ഉയർന്നിരിക്കുന്നത്. സർക്കാരിനു വേണ്ടി ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയതിന്‍റെ ഇടനിലക്കാരനാണ് എഡിജിപി എംആര്‍ അജിത്കുമാർ. ഇതിനെല്ലാം കൂട്ടുനിന്ന ഉദ്യോഗസ്ഥനെ വഴിവിട്ടാണ് മുഖ്യമന്ത്രി സഹായിച്ചത്. സ്വജനപക്ഷപാതമാണ് ഇവിടെ നടക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
ഒരോ മാസവും ഒരോ പാലം തകരുന്നു
കൊയിലാണ്ടി ചേമഞ്ചേരിയിൽ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന സംഭവത്തിലും വിഡി സതീശൻ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പാലാരിവട്ടം പാലത്തിന്‍റെ പേരിൽ പൊതുമരാമത്ത് മന്ത്രിയെ അന്ന് കേസിൽ ഉള്‍പ്പെടുത്തി. ഇപ്പോൾ ഓരോ മാസവും ഓരോ പാലം തകർന്നുവീഴുകയാണ്. ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തെങ്കിലും എന്തുകൊണ്ട് ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെ കേസെടുക്കുന്നില്ലെന്നും കാലം മുഖത്തുനോക്കി കണക്കു ചോദിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളിൽ ബിജെപി നേതാക്കളോ പ്രധാനമന്ത്രിയോ പ്രതികരിക്കുന്നില്ല. ആറ്റിങ്ങലിൽ അടൂർ പ്രകാശ് കാണിച്ച ജാഗ്രത മറ്റു ഇടങ്ങളിൽ കോൺഗ്രസ് നേതാക്കൾ കാണിച്ചില്ലെന്നത് സത്യമാണ്. കുറേക്കൂടി ജാഗ്രത വോട്ട് ചേർക്കുന്ന കാര്യത്തിൽ ഇപ്പോൾ കോൺഗ്രസിനുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് കൃത്യവിലോപം ഉണ്ടായിട്ടുണ്ട്. പക്ഷെ അത് മനഃപൂർവം അല്ല. യുഡിഎഫിന്‍റെ തിരിച്ചു വരവിന്റെ പ്രതിഫലനം തൃശൂരിൽ നിയമസഭ തിരഞ്ഞെടുപ്പിൽ ഉണ്ടാകും.
എസ്എൻഡിപി പരിപാടിയിൽ പങ്കെടുക്കും
ചതയ ദിനവുമായി ബന്ധപ്പെട്ട് എസ്എൻഡിപി എറണാകുളത്ത് രണ്ടിടത്ത് പരിപാടിക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമെന്നും വിഡി സതീശൻ പറഞ്ഞു. തനിക്ക് വെള്ളാപ്പള്ളി യുമായി ഒരു പിണക്കവുമില്ലെന്നും വിഡി സതീശൻ പറഞ്ഞു.