
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ച അന്വേഷണം എങ്ങും എത്താതെ അവസാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നുവെന്നും ഒരു തെളിവുകളും ശേഖരിക്കുന്നില്ലെന്നും സതീശൻ വിമർശിച്ചു. പ്രധാനികളായ ആളുകളിലേക്ക് അന്വേഷണം എത്താതിരിക്കുക എന്ന ലക്ഷ്യമാണ് സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമുള്ളത്. ജയിലിലായ മൂന്നു സിപിഎമ്മിന്റെ നേതാക്കന്മാരെയും പുറത്തുകൊണ്ടുവരിക. കേസന്വേഷണം തെളിവില്ലാതെ അവസാനിപ്പിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസ് അതിനായി എസ്ഐടിക്ക് മേൽ കനത്ത സമ്മർദം നടത്തുന്നുവെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
എല്ലാവരേയും സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടപെടുന്നത്. സ്വർണം കേട്ടത് സിപിഐഎം നേതാക്കളാണ്. അവരെ ഭരണകൂടവും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നു. അതിന് സോണിയ ഗാന്ധിയെ പറയുന്നത് എന്തിന്? സോണിയ ഗാന്ധിയെ മനപ്പൂർവ്വം വലിച്ചിഴയ്ക്കുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി. പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്കാണ് ബിജെപി മാർച്ച് നടത്തിയത്. സിപിഐഎം ബിജെപി ധാരണയാണെന്നും ബിജെപി നേതൃത്വത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രിയങ്ക ഗാന്ധിയാണോ അയ്യപ്പന്റെ സ്വർണ്ണം കവർന്നത്? സിപിഐ മന്ത്രിമാർ അവരെ നിയമസഭയിൽ വന്ന ആവർത്തിച്ചാവർത്തിച്ച് അധിക്ഷേപിക്കുന്നു.
സ്വന്തമായ അഭിപ്രായം ഇല്ലെന്നും സ്പീക്കർക്കതിരെ വിഡി സതീശൻ വിമർശനമുന്നയിച്ചു. ഇന്ന് അഞ്ചു മന്ത്രിമാർക്ക് സംസാരിക്കാൻ അവസരം കൊടുത്തു. അതിൽ നാലുപേരും പ്രതിപക്ഷ നേതാവിനെ വിമർശിക്കുകയായിരുന്നു. വ്യക്തിപരമായി തേജോവധം ചെയ്യുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. എകെജി സെൻററിൽ ഇരുന്നും മന്ത്രിമാരുടെ വസതിയിൽ നിന്നും വ്യാപകമായി വ്യക്തിപരമായി തേജോവധം ചെയ്യുകയാണ്. ഇതിൽനിന്ന് സിപിഎം ഭരണകൂടത്തിന് രക്ഷപ്പെടാൻ ആകില്ല. മുഖ്യമന്ത്രിയുടെ ഓഫീസാണ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത്. സ്വർണ്ണ കവർച്ചയുടെ പിന്നിൽ പ്രവർത്തിച്ച ഉന്നതന്മാരിലേക്ക് എത്താൻ ഉണ്ട്. അവരിലേക്ക് എത്തുന്നതുവരെ യുഡിഎഫ് ശക്തമായ സമരവുമായി മുന്നോട്ടു പോകും. 90 ദിവസമായി കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികളെ സഹായിക്കാനെന്നും വി ഡി സതീശൻ പറഞ്ഞു.
മന്ത്രി വാസവൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എസ്ഐടിക്ക് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം അവസാനിപ്പിക്കണം. ഇതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം, ചർച്ചയല്ല വേണ്ടത്. പ്രതിപക്ഷത്തിന്റെ ഡിമാൻഡ് അംഗീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam