
lതിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മേൽക്കൈ നേടിയതിൽ സന്തോഷം പ്രകടിപ്പിച്ചും പ്രവർത്തകരെ അഭിനന്ദിച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. യു ഡി എഫിൻ്റെ ഉജ്ജ്വല വിജയം എല്‍ ഡി എഫിന്റെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനം കാത്തിരുന്ന് നല്‍കിയ മറുപടിയാണെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ ഉണ്ടായിരുന്ന യു ഡി എഫ് 15 സീറ്റുകളിലേക്കാണ് കുതിച്ചത്. സി.പി.എമ്മില്‍ നിന്ന് ഏഴും ബി.ജെ.പിയില്‍ നിന്ന് രണ്ടും സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തുവെന്നും സതീശൻ ചൂണ്ടികാട്ടി.
പ്രതിപക്ഷ നേതാവിൻ്റെ കുറിപ്പ്
29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കുതിപ്പാണ്. ഏഴ് സീറ്റുകള്‍ ഉണ്ടായിരുന്ന യു.ഡി.എഫ് 15 സീറ്റുകള്‍ നേടി തിളങ്ങുന്ന വിജയം സ്വന്തമാക്കി. സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും കോട്ടകളെന്ന് അവര്‍ അവകാശപ്പെട്ടിരുന്ന മേഖലകളില്‍യു.ഡി.എഫ് ഉജ്ജ്വല വിജയം നേടി. സി.പി.എമ്മില്‍ നിന്ന് ഏഴും ബി.ജെ.പിയില്‍ നിന്ന് രണ്ടും സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. എറണാകുളം കീരംപാറ പഞ്ചായത്തിലെ മുട്ടത്തു കണ്ടം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണവും യു.ഡി.എഫ് തിരിച്ചു പിടിച്ചു. കഴിഞ്ഞ തവണ 363 വോട്ടിന് എല്‍.ഡി.എഫ് ജയിച്ച മലപ്പുറം മുന്‍സിപ്പാലിറ്റിയിലെ കൈനോട് വാര്‍ഡ് ഇത്തവണ യു.ഡി.എഫിന് നഷ്ടപ്പെട്ടത് വെറും 12 വോട്ടുകള്‍ക്കാണ്.
എല്‍.ഡി.എഫിന് മൃഗീയ ആധിപത്യമുണ്ടായിരുന്ന മട്ടന്നൂര്‍ നഗരസഭയിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും യു.ഡി.എഫ് എട്ട് സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതോടെ അഹങ്കാരവും ധാര്‍ഷ്ട്യവും തലയ്ക്കു പിടിച്ച സി.പി.എമ്മിനും എല്‍.ഡി.എഫിനും ജനം കാത്തിരുന്ന് നല്‍കിയ തിരിച്ചടിയാണിത്. ഏല്ലാ കോട്ടകളും ഞങ്ങള്‍ പൊളിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയക്കൊടി പാറിക്കുമെന്ന് ഉറപ്പാണ്.
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയം നല്‍കിയ ജനാധിപത്യ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പ് വിജയികളെയും വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച യു.ഡി.എഫ്, കോണ്‍ഗ്രസ് നേതാക്കള്‍ളെയും കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. നമുക്ക് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. വിജയങ്ങള്‍ ഇനിയും ആര്‍ത്തിക്കപ്പെടണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam