ശശീന്ദ്രന്റെ രാജിക്കായി നിയമസഭയിലും തെരുവിലും പ്രതിഷേധം, ജലപീരങ്കി, കണ്ണീർ വാതകം; അറസ്റ്റ്

By Web TeamFirst Published Jul 22, 2021, 1:09 PM IST
Highlights

സഭ ആരംഭിച്ചതോടെ നിയമസഭക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. 

തിരുവനന്തപുരം: പീഡന പരാതിയിൽ ഒത്തുതീർപ്പിന് വേണ്ടി ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യവുമായി പ്രതിപക്ഷ പ്രതിഷേധം ശക്തം. പരാതി ഒതുക്കിതീർക്കണമെന്നാവശ്യപ്പെട്ട മന്ത്രിയുടെ രാജിക്കായി നിയമസഭയിൽ യുഡിഎഫ് പ്രതിഷേധിച്ചു. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. തെരുവിലും പ്രതിഷേധം കത്തുകയാണ്. സഭ ആരംഭിച്ചതോടെ നിയമസഭക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. 

ഉച്ചയോടെ വീണ്ടും യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചെത്തി. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമം നടന്നതോടെ പൊലീസ് നാല് തവണ ജലപീരങ്കിയും പിന്നീട് കണ്ണീർ വാതകവും പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ നടത്തി. പൂവൻ കോഴിയുമായായായിരുന്നു പ്രതിഷേധ൦. 

അതിനിടെ  മന്ത്രി ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് കുണ്ടറയിലെ യുവതി അറിയിച്ചു. സ്വമേധയാ ആണ് ഗവർണർക്ക് പരാതി നൽകുന്നതെന്ന് വ്യക്തമാക്കിയ അവർ ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്നും കൂട്ടിച്ചേർത്തു. മന്ത്രിക്കെതിരായ പരാതിയിൽ നിന്നും പിന്മാറില്ല. പ്രതിക്കൊപ്പം നിന്ന് പൊലീസ് അധിക്ഷേപിക്കുകയാണെന്നും യുവതി വിമർശിച്ചു. 

അതിനിടെ മന്ത്രി എ കെ ശശീന്ദ്രനെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചു.  ശശീന്ദ്രൻ ചെയ്തത് പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടുക മാത്രമാണെന്നും പൊലീസ് കേസെടുക്കാൻ വൈകിയോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നുമാണ് നിയമസഭയെ മുഖ്യമന്ത്രി അറിയിച്ചത്. എൻസിപി കൊല്ലം ഗ്രൂപ്പിൽ തനിക്കെതിരായി നടന്ന വാട്സാപ്പ് പ്രചാരണത്തിൽ യുവതി പരാതി നൽകിയിരുന്നു.  എൻസിപി സംസ്ഥാന ഭാരവാഹി പത്മാകരൻ തന്‍റെ കയ്യിൽ കയറി പിടിച്ചെന്ന പരാതിയിൽ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്റ്റേഷനിൽ ഹാജരായില്ല. പിന്നീട് കേസ് റജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായോ എന്ന കാര്യം പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

click me!