
തിരുവനന്തപുരം/ കൊല്ലം: കൊവിഡ് കാലത്ത് സാങ്കേതിക സർവകലാശാല പരീക്ഷകൾ നടത്തുന്നതിനെതിരെ ഇന്ന് കെഎസ്‍യുവിന്‍റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറി. തിരുവനന്തപുരത്തെ സിഇടി എഞ്ചിനീയറിംഗ് കോളേജിൽ കെഎസ്‍യു പ്രവർത്തകർ ചോദ്യപ്പേപ്പറിന്‍റെ കെട്ടുകൾ പുറത്തേക്ക് എറിഞ്ഞു. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിൽ പൊലീസും കെഎസ്‍യു പ്രവർത്തകരും ഏറ്റുമുട്ടി. സ്ഥലത്ത് ലാത്തിച്ചാർജായി.
ശ്രീകാര്യത്തെ സിഇടി എഞ്ചിനീയറിംഗ് കോളജിൽ പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസിലേക്ക് രണ്ട് കെഎസ്‍യു പ്രവർത്തകർ കയറിയത്. പൊലീസ് സുരക്ഷയുണ്ടായിട്ടും കോളജിനുള്ളിലേക്ക് പ്രവർത്തകരെത്തി. അധ്യാപകർ തടയാൻ ശ്രമിച്ചിട്ടും ചോദ്യപേപ്പർ തട്ടിയെടുത്ത പ്രവർത്തകർ കെട്ട് പുറത്തേക്കെറിയുകയായിരുന്നു.
ഒരു കെഎസ്‍യു പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഓൺലൈനായി പരീക്ഷകൾ നടത്തണമെന്നാണ് കെഎസ്‍യുവിന്‍റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കൊല്ലം ടികെഎം കോളജിൽ പരീക്ഷ ബഹിഷ്ക്കരിച്ച വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ക്യാമ്പസിനകത്ത് ലാത്തിച്ചാർജ് നടന്നു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി വീശിയതോടെ വിദ്യാർത്ഥികൾ ചിതറിയോടി.
അതേസമയം, സിഇടിയിലെ ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്ന് പ്രിൻസിപ്പാൾ ജിജി സി വി വ്യക്തമാക്കി. പരീക്ഷകളെല്ലാം മുടക്കമില്ലാതെ തന്നെ നടക്കുമെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ക്കിടയിലും ബിടെക് മൂന്നാം സെമസ്റ്റർ, എംടെക്, എംബിഎ പരീക്ഷകള്‍ മാറ്റമില്ലാതെ നടന്നു.
വിദ്യാർത്ഥികള്‍ക്ക് ഏറ്റവും അടുത്ത കോളേജുകളിൽ പരീക്ഷ എഴുതാനുള്ള അനുമതി ഉള്‍പ്പെടെ നൽകിയാണ് പരീക്ഷാ നടത്തിപ്പ് കെടിയു ക്രമീകരിച്ചത്. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സാങ്കേതിക സർവ്വകലാശാലക്കു മുന്നിൽ കെഎസ്‍യു നടത്തുന്ന സമരം തുടരുകയാണ്. കെഎസ്യു പ്രതിഷേധം ഉള്ളതിനാൽ എല്ലാ കോളജുകളിലും പൊലീസ് സംരക്ഷണമുണ്ട്. പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്ന് സാങ്കേതിക സർവ്വകലാശാല അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam