റിമോട്ട് വോട്ടിംഗ് വേണ്ടെന്ന് പ്രതിപക്ഷം'തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും,പൊതു വോട്ടര്‍ പട്ടിക അംഗീകരിക്കില്ല'

By Web TeamFirst Published Jan 10, 2023, 12:39 PM IST
Highlights

കള്ളവോട്ടടക്കം തടയാനും, സൂക്ഷ്മ നിരീക്ഷണത്തിനുമായി  ബൂത്ത് ഏജന്‍റുമാരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുക  പ്രായോഗികമല്ല.ഭാരിച്ച സാമ്പത്തിക ചെലവും ബാധ്യതയാകും.16ന് വിളിച്ച യോഗത്തില്‍ എതിര്‍പ്പ് അറിയിക്കാന്‍ പ്രതിപക്ഷ തീരുമാനം

ദില്ലി:ആഭ്യന്തര കുടിയേറ്റക്കാര്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്ന റിമോട്ട് വോട്ടിംഗിനെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം. തെരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കപ്പെടാനിടയുണ്ടെന്നാണ് കോണ്‍ഗ്രസ് അടക്കം അഞ്ച് പ്രതിപക്ഷ കക്ഷികളുടെ നിലപാട് . തെരഞ്ഞെടുപ്പുകള്‍ക്കായി പൊതു വോട്ടര്‍ പട്ടിക അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി .രണ്ടായിരത്തി പത്തൊന്‍പത് ലോക് സഭ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം ഉദാഹരിച്ചാണ് റിമോട്ടിംഗ് വോട്ടിംഗ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങിയത്. ആഭ്യന്തര കുടിയേറ്റക്കാര്‍ക്ക്  അവരുടെ സംസ്ഥാനത്തെ വോട്ട് താമസിക്കുന്നയിടത്ത് ചെയ്യാനായിരുന്നെങ്കില്‍ പോളിംഗ് ശതമാനം 67 ല്‍ നിന്ന് ഉയരുമായിരുന്നുവെന്നാണ് കമ്മീഷന്‍ വിലയിരുത്തിയത്.

റിമോട്ട് വോട്ടിംഗിനായി മൾട്ടി കോൺസ്റ്റിറ്റ്യുവൻസി പ്രോട്ടോടൈപ്പ് റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അഥവാ ആർവിഎം തെരഞ്ഞെടുപ്പ് കമ്മീഷൻ വികസിപ്പിക്കുകയും ചെയ്തു. ഒരേസമയം 72 മണ്ഡലങ്ങളിലെ വരെ വോട്ടുകൾ ഒറ്റ മെഷീനിൽ രേഖപ്പെടുത്താനാകും. എന്നാല്‍ റിമോട്ട് വോട്ടിംഗ് അംഗീകരിക്കാനാകില്ലെന്നാണ് കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നിലപാട്. കള്ളവോട്ടടക്കം തടയാനും, സൂക്ഷ്മ നിരീക്ഷണത്തിനുമായി  ബൂത്ത് ഏജന്‍റുമാരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുക  പ്രായോഗികമല്ലെന്നാണ് കക്ഷികളുടെ നിലപാട്.  സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടപടികള്‍ അതുകൊണ്ടു തന്നെ അട്ടിമറിക്കപ്പെടാം. ഭാരിച്ച സാമ്പത്തിക ചെലവും ബാധ്യതയാകും. അതുകൊണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 16ന് വിളിച്ച യോഗത്തില്‍ എതിര്‍പ്പ് അറിയിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കായി ഒറ്റ വോട്ടര്‍ പട്ടികയെന്ന കമ്മീഷന്‍റെ നിര്‍ദ്ദേശം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും കക്ഷികള്‍ കുറ്റപ്പെടുത്തി. അതേ സമയം ബിജെപി ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷത്തിന്‍റെ നിലപാട് തെരഞ്ഞെടുപ്പ്  കമ്മീഷന്‍റെ  അന്തിമ തീരുമാനത്തില്‍ നിര്‍ണ്ണായകമാകും

click me!