
ദില്ലി: ലഡാക്ക് സംഘർഷം കേന്ദ്രസർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. അതിർത്തിയിൽ ചൈന കടന്നുകയറുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ്. ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടപ്പോള്‍ അതിർത്തിയിൽ എന്താണ് സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് മുൻപ്രധാനമന്ത്രി ദേവഗൗഢ പറഞ്ഞു.
ചൈനയുമായുള്ള സംഘർഷത്തിൽ സൈനികർക്ക് ജീവൻ നഷ്ടമായത് ആവിശ്വനീയമെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. കഴിഞ്ഞ അഞ്ച് ദശാബ്ദത്തിനിടെ സംഭവിക്കാത്ത കാര്യങ്ങളാണ് നടന്നത്. സൈന്യത്തിന് പൂർണ്ണ പിന്തുണ നൽകുന്നു. എന്നാൽ എപ്രിൽ മുതൽ ചൈന നടത്തുന്ന കടന്നുകയറ്റത്തിൽ ഗുരുതര മൗനമാണ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും പാലിച്ചത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തിൽ ഇനി എന്തെന്ന് വിശദീകരിക്കണം ,ജനാധിപത്യത്തിൽ മൗനവും രഹസ്യമാക്കിവെക്കല്ലും അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. അതെസമയം സമാധാന ചർച്ചകൾ നടക്കുന്നതിനിടെ എങ്ങനെയാണ് സൈനികർക്ക് ജീവൻ നഷ്ടമാകുന്നതെന്ന് മുൻപ്രധാനമന്ത്രി ദേവഗൗഡ ചോദിച്ചു. ഈക്കാര്യങ്ങൾ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടയിൽ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് ആർജെഡി നേതാവ് മനോജ് കുമാർ ഝാ ട്വീറ്റ് ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തില്‍ രാജ്യം അടച്ചതിന് പിന്നാലെ കുടിയേറ്റ തൊഴിലാളികളുടെ പലായനം, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങളുയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയെത്തിയ അതിര്‍ത്തി പ്രതിസന്ധിയും സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam