കർഷകസമരത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും; ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ നോട്ടീസ്

By Web TeamFirst Published Feb 3, 2021, 7:35 AM IST
Highlights

ചര്‍ച്ചക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഇരുസഭകളും പ്രക്ഷുബ്ധമായിരുന്നു. അനുമതി നിഷേധിച്ചാൽ ഇന്നും ഇരുസഭകളും തടസപ്പെടാൻ തന്നെയാണ് സാധ്യത.

ദില്ലി: കർഷക സമരത്തെ ചൊല്ലി പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. സമരത്തെ കുറിച്ച് ചര്‍ച്ചയാവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പാര്‍ട്ടികൾ നോട്ടീസ് നൽകിയിട്ടുണ്ട്. ചര്‍ച്ചക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഇരുസഭകളും പ്രക്ഷുബ്ധമായിരുന്നു. അനുമതി നിഷേധിച്ചാൽ ഇന്നും ഇരുസഭകളും തടസപ്പെടാൻ തന്നെയാണ് സാധ്യത. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് രാജ്യസഭയിൽ തുടങ്ങും. ലോക്സഭയിൽ ഇന്നലെ ചര്‍ച്ച തുടങ്ങിയിലെങ്കിലും ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു.

അതേസമയം, റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ നടന്ന അക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചെങ്കോട്ടയില്‍ ദേശീയപതാക അപമാനിക്കപ്പെട്ടത് ഉള്‍പ്പടെയുളള അക്രമസംഭവങ്ങളെക്കുറിച്ച് എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്ക് വരും. ഹരിയാനയിലെ എട്ട് ജില്ലകളിലും ഇന്റര്‍നെറ്റ് നിരോധനം തുടരുകയാണ്.
 

click me!