
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ആഗോള അയപ്പ സംഗമം യുഡിഎഫ് ബഹിഷ്കരിക്കില്ലെന്നും ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നൽകിയശേഷം ക്ഷണിച്ചാൽ അപ്പോള്‍ നിലപാട് പറയുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കൽ, ആചാരസംരക്ഷണത്തിനായുള്ള സമരങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സര്‍ക്കാര്‍ മറുപടി പറയണമെന്ന യുഡിഎഫ് നിലപാടണ് വാര്‍ത്താസമ്മേളനത്തിൽ വിഡി സതീശൻ വ്യക്തമാക്കിയത്.ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് പങ്കെടുക്കുമോയെന്നോ ബഹിഷ്കരിക്കുമോയെന്നും പറയാതെ സര്‍ക്കാരിന് മുന്നിലേക്ക് ചോദ്യങ്ങളിട്ടുള്ള നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.
ആഗോള അയ്യപ്പ സംഗമം നടത്തുന്ന സര്‍ക്കാര്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ആദ്യം മറുപടി നൽകേണ്ടതുണ്ടെന്ന് വിഡി സതീശൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. സത്യവാങ്മൂലം പിന്‍വലിക്കാൻ തയ്യാറാണോ ?ശബരിമലയിലെ ആചാരസംരക്ഷണത്തിനടക്കം നടത്തിയ നാമജപ ഘോഷയാത്ര അടക്കമുള്ള സമരങ്ങള്‍ക്കെതിരെയെടുത്ത കേസുകള്‍ ഇപ്പോഴും നിലനിൽക്കുകയാണ്. കേസുകള്‍ പിന്‍വലിക്കാൻ സര്‍ക്കാര്‍ തയ്യാറാകുമോ?.ശബരിമലയെ മുൻനിര്‍ത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് ആഗോള അയ്യപ്പ സംഗമമെന്ന പേരിൽ സര്‍ക്കാര്‍ പരിപാടി നടത്തുന്നത്. ആചാര ലംഘനത്തിന് അവസരമൊരുക്കിയ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കാൻ തയ്യാറാകുമോ? ശബരിമലയുടെ വികസനത്തിന് യാതൊന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഇങ്ങനെ സംഗമം നടത്തുന്നത്. ഇത്തരത്തിൽ പല ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നൽകണം.
തെരഞ്ഞെടുപ്പ് അടുത്തപ്പോ അയ്യപ്പ സംഗമവുമായി വരുകയാണ്. രാഷ്ട്രീയമായി മറുപടി പറയണം. തദ്ദേശ സ്ഥാപന ഫണ്ടിൽ നിന്ന് പണം എടുത്ത് വികസന സദസ്സ് നടത്താൻ പറയുന്നു. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ആവശ്യത്തിന് പണം പോലും തദ്ദേശ സ്ഥാപനങ്ങൾക്ക് കൊടുത്തിട്ടില്ലെന്നും വിഡി സതീശൻ. ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിക്കുമോ പങ്കെടുക്കുമോയെന്ന കാര്യത്തിന് പ്രസ്ക്തിയില്ലെന്നും ആദ്യം സര്‍ക്കാര്‍ തങ്ങളുന്നയിക്കുന്ന ചോദ്യങ്ങളിൽ നിലപാട് വ്യക്തമാക്കണമെന്നും അതിനുശേഷം യുഡിഎഫിനെ ക്ഷണിച്ചാള്‍ അപ്പോള്‍ മറുപടി നൽകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
'ബഹിഷ്കരിക്കുമോ പങ്കെടുക്കുമോയെന്ന ചോദ്യങ്ങള്‍ തന്നെ അപ്രസ്ക്തം'
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും വിഡി സതീശൻ പറഞ്ഞു. ആഗോള അയ്യപ്പ ഭക്തരെ പരിഹസിക്കുന്നതിന് തുല്യമാണ്. ഓണക്കാലത്ത് രൂക്ഷമായ വിലക്കയറ്റമാണുള്ളത്. റേഷൻ വിതരണം പോലും മുടങ്ങിയിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും അധികം വിലക്കയറ്റം കേരളത്തിലാണ്. ആഗോള അയ്യപ്പ യുഡിഎഫ് ബഹിഷ്കരിക്കുമോയെന്നും പങ്കെടുക്കുമോയെന്നുമുള്ള ചോദ്യം തന്നെ അപ്രസക്തമാണ്. കപട ഭക്തിക്കെതിരെ ആണ് യുഡിഎഫ് നിലപാട്. ആചാര ലംഘനത്തിൽ സര്‍ക്കാര്‍ അഭിപ്രായം മാറ്റിയോ എന്ന് അറിയണം.
'ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വന്നപ്പോള്‍ ഭക്ഷണം കഴിക്കുകയായിരുന്നു'
സര്‍ക്കാരിന്‍റെ പത്താംവർഷത്തിൽ പെട്ടെന്ന് ഒരു അയ്യപ്പ ഭക്തി വന്നത് എന്തിനാണെന്ന് അറിയാം. ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ ശേഷം ക്ഷണിച്ചാൽ നിലപാട് പറയും. സർക്കാർ കാപട്യം വിശ്വാസികൾ തിരിച്ചറിയും. സംഘാടക സമിതിയിൽ പേര് വച്ചപ്പോ അനുവാദം ചോദിച്ചില്ല. ദേവസ്വം ബോർഡ് പ്രസിഡന്‍റ് സൗകര്യം ചോദിച്ചല്ല വന്നത്. സൗകര്യം വിളിച്ച് ചോദിച്ച് വന്നാ കാണാൻ ഇനിയും തയ്യാറാണ്. പ്രസിഡന്‍റ് വന്നപ്പോ ഭക്ഷണം കഴിക്കുകയായിരുന്നു. കാണാൻ സമ്മതിച്ചില്ലെന്ന് പറഞ്ഞത് മര്യാദകേടാണ്. ശബരിമലയിലെ എല്ലാ പ്രശ്നങ്ങളുടേയും പിന്നിൽ സർക്കാരാണ്. ആചാര ലംഘനം എതിർത്തപ്പോ പ്രതിപക്ഷത്തെ പിൻതിരിപ്പൻമാരാക്കിയെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.