തന്ത്രിയും മന്ത്രിയും ചേർന്നുള്ള കൂട്ടുകച്ചവടമാണ് ശബരിമലയിൽ നടന്നതെന്നും എസ് ഐ ടി അന്വേഷണത്തിൽ പൂർണതൃപ്തിയില്ലെന്നും ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തന്ത്രിയും മന്ത്രിയും ചേർന്നുള്ള കൂട്ടുകച്ചവടമാണ് ശബരിമലയിൽ നടന്നതെന്നും എസ് ഐ ടി അന്വേഷണത്തിൽ പൂർണതൃപ്തിയില്ലെന്നും ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയതും സംരക്ഷിച്ചതും ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. രാഷ്ട്രീയ നേതൃത്വത്തിനും ഉത്തരവാദിത്വം ഉണ്ട്. തന്ത്രിയേക്കാള്‍ മുകളിലാണ് ദേവസ്വം ബോര്‍ഡ്. തന്ത്രിയെ മന്ത്രിയായിരുന്നു നിയന്ത്രിക്കേണ്ടിയിരുന്നത്. ഒരു ശരി ചെയ്ത് ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാൻ സമയം വേണ്ടിവരും. കളവ് പ്രചരണം നടത്തി ജനങ്ങളിലേക്ക് എത്തിക്കാൻ എളുപ്പമാണ്. അടൂർ പ്രകാശിന്റെ പേര് എത്ര നാൾ ആയി കേൾക്കുന്നു? തന്നെ ചോദ്യം ചെയ്തോളുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തുള്ള ഒരു നേതാവിനെ ചോദ്യം ചെയ്യുന്നത് വ്യത്യസ്തമാണ്.

അടൂർ പ്രകാശിനെതിരെ എന്തെങ്കിലും ഉണ്ടെങ്കിൽ ചോദ്യം ചെയ്യില്ലെയെന്നും സണ്ണി ജോസഫ് പറഞ്ഞു. തന്ത്രി ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്തത് അന്വേഷണത്തിലെ പുരോഗതിയാണ്. എന്നാൽ കേസിൽ മന്ത്രിയെ ചോദ്യം ചെയ്തത് എവിടെ വരെയായി? മന്ത്രിയുടെ അഭിമുഖം ആണോ നടത്തിയത്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിൽ പുരോഗതി അറിയാൻ താല്പര്യമുണ്ട്. രാഷ്ട്രീയ നേതൃത്വത്തിലെ പലരെയും സംരക്ഷിക്കുന്ന നിലപാട് ആണ് എടുക്കുന്നത്. അറസ്റ്റ്‌ ചെയ്ത പത്മകുമാറിനെ സിപിഎം സംരക്ഷിക്കുകയാണ്. നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാൻ നടപടി ഉണ്ടാകണം. മുഖ്യമന്ത്രിയുടെ 110 സീറ്റ്‌ അവകാശ വാദത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. യു ഡി എഫിന് 110 സീറ്റ്‌ എന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നും ഏതെങ്കിലും ഏജൻസിയുടെ കണക്കല്ലെന്നും യു ഡി എഫിന് വ്യക്തമായ മേധാവിത്വമുണ്ടെന്ന് പറഞ്ഞതും മാധ്യമങ്ങളാണെന്നും സണ്ണി ജോസഫ് പറഞ്ഞു.