
തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ രാത്രി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മലയോര, തീരദേശ മേഖലകളിൽ കനത്ത മഴയെത്തുടർന്ന് പലയിടത്തും വീടുകളിൽ വെള്ളം കയറി. വിതുര, പൊൻമുടി മേഖലകളിൽ ശക്തമായ മഴയാണ് തുടരുന്നത്. വാമനപുരം നദിയുടെ പോഷക നദിയായ മക്കിയാർ കരകവിഞ്ഞൊഴുകുന്നതിനൊപ്പം നദിയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ തുടങ്ങിയ മേഖലകളിൽ വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വിതുര പഞ്ചായത്തിലെ മണിതൂക്കി, മരുതാമല വാർഡുകളിൽ വെള്ളം കയറിയ വീടുകളിൽ കഴിഞ്ഞിരുന്നവരെ സുരക്ഷിതമായ മറ്റ് വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പേപ്പാറ ഡാമിന്റെ റിസർവോയറിൽ നിന്നുള്ള വെള്ളം റോഡിലേക്ക് കയറിയതിനെ തുടർന്ന് പേപ്പാറ പൊടിയക്കാല ആദിവാസി ഊരിയിലേക്കുള്ള വഴികൾ പൂർണ്ണമായും മുങ്ങി. ഇതോടെ പൊടിയക്കാല ഊര് ഒറ്റപ്പെട്ട അവസ്ഥയിലാണ്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് ചെറുപാലങ്ങൾ വെള്ളത്തിനടിയിലായി ചെറിയ തോടുകളും കരകവിഞ്ഞൊഴുകുന്നുണ്ട്.
തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് തുടരുന്നതിന് പുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും, നദിക്കരകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
20/10/2026: തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
20/10/2026: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
21/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
22/10/2026: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
23/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam