ദേവികുളത്ത് ഒരു വർഷത്തിനിടെ നൽകിയ 110 ഉടമസ്ഥാവകാശ രേഖകൾ റദ്ദാക്കാൻ ശുപാർശ

By Web TeamFirst Published Jul 27, 2020, 7:01 AM IST
Highlights

ദേവികുളത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്നത് വ്യാപക കയ്യേറ്റവും അഴിമതിയും. റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥർ 2018-_19ൽ ദേവികുളത്ത് മാത്രം അനുവദിച്ചത് 110 ഉടമസ്ഥാവകാശ രേഖകൾ. 

മൂന്നാർ: ദേവികുളത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ നൽകിയ 110 ഉടമസ്ഥാവകാശ രേഖകൾ റദ്ദാക്കാൻ ശുപാർശ. ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജില്ല കളക്ടർക്കാണ് ശുപാർശ നൽകിയത്. വ്യാജ രേഖ ചമച്ച് ഉടമസ്ഥാവകാശ രേഖ നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നും അന്വേഷണ സംഘം ശുപാർശ ചെയ്തു.

ദേവികുളത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്നത് വ്യാപക കയ്യേറ്റവും അഴിമതിയും. റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥർ 2018-_19ൽ ദേവികുളത്ത് മാത്രം അനുവദിച്ചത് 110 ഉടമസ്ഥാവകാശ രേഖകൾ. ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കുന്നതിന്‍റെ ചുവട് പിടിച്ചായിരുന്നു നടപടി. പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ ഇത്തരത്തിൽ അനുവദിച്ച 110 സർട്ടിഫിക്കറ്റുകളും വ്യാജരേഖകൾ ചമച്ചാണെന്ന് കണ്ടെത്തി. 

സർക്കാർ ക്വാട്ടേഴ്സിന് വരെ ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ദേവികുളം ന്യൂ കോളനി, കുണ്ടള ഭാഗങ്ങളിലെ പുറന്പോക്ക് ഭൂമിയാണ് ഉടമസ്ഥാവകാശ രേഖ അനുവദിച്ച് കൈമാറിയിരിക്കുന്നത്. ഇതിൽ പലതിലും കെട്ടിട നിർമാണം നടക്കുന്നു. സെന്‍റിന് പൊന്നും വിലയുള്ള സ്ഥലങ്ങളാണ് ഇവയോരോന്നും. ദേവികുളത്ത് ഡെപ്യൂട്ടി തഹസിൽദാറായിരുന്ന ടി സനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് വ്യാജരേഖ ചമച്ച് ഉടമസ്ഥാവകാശ രേഖകൾ നൽകിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 

സനിൽ കുമാറടക്കം അഞ്ച് ഉദ്യോഗസ്ഥർ നിലവിൽ സസ്പെൻഷനിലാണ്. ഇവർക്ക് പുറമേ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഡെപ്യൂട്ടി തഹസിൽദാർ അനുവദിച്ച രേഖകൾ പരിശോധിക്കാതിരുന്ന ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും സംഘം നടപടിയ്ക്ക് ശുപാർശ ചെയ്തു. 

വിശദ പരിശോധനയ്ക്ക് ശേഷം കളക്ടർ ഈ റിപ്പോർട്ട് റവന്യൂ വകുപ്പ് സെക്രട്ടറിയ്ക്ക് കൈമാറും. തുടർന്ന് കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല നടപടിയ്ക്കൊപ്പം നിയമനടപടികളും സ്വീകരിച്ചേക്കുമെന്നാണ് സൂചന.

click me!