രോഗികളുടെ എണ്ണം കുതിച്ചുയർന്നു, കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ നടത്തിപ്പിൽ ആശങ്ക

By Web TeamFirst Published Jul 27, 2020, 6:30 AM IST
Highlights

നൂറ് കിടക്കകളുള്ള ഒരു താത്കാലിക കൊവിഡ് ചികിത്സ കേന്ദ്രം തുടങ്ങണമെങ്കിൽ പ്രതിദിനം കുറഞ്ഞത് 25,000 രൂപ എങ്കിലും കണ്ടെത്തണം

കൊച്ചി: രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതോടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ നടത്തിപ്പ് സംബന്ധിച്ച് ആശങ്ക ഉയരുന്നു. ഇത്തരം കേന്ദ്രങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങൾ ചിലവഴിക്കുന്ന തുക പിന്നീട് നൽകുമെന്നാണ് സർക്കാരിന്‍റെ ഉറപ്പ്. എന്നാൽ ശമ്പളം പോലും കൊടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നതിനിടയിലാണ് ചികിത്സ കേന്ദ്രങ്ങളുടെ നടത്തിപ്പ് തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയാകുന്നത്.

നൂറ് കിടക്കകളുള്ള ഒരു താത്കാലിക കൊവിഡ് ചികിത്സ കേന്ദ്രം തുടങ്ങണമെങ്കിൽ പ്രതിദിനം കുറഞ്ഞത് 25,000 രൂപ എങ്കിലും കണ്ടെത്തണം. പ്രാദേശികമായി കെട്ടിടങ്ങൾ മാത്രം പോരാ, ശുചിമുറികൾ, കിടത്തി ചികിത്സക്കുള്ള സൗകര്യം, രോഗികൾക്ക് നൽകാൻ സർക്കാർ നിർദ്ദേശിക്കുന്ന ഭക്ഷണക്രമം, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർക്കുള്ള ശമ്പളം, 100 കിടക്കകളുള്ള എഫ്എൽടിസികളിൽ നഴ്സുമാർക്കും ഡോക്ടർമാർക്കും ആവശ്യമായ പിപിഇ കിറ്റുകൾ തുടങ്ങി ആവശ്യങ്ങൾ നിരവധിയാണ്. എന്നാൽ ലോക്ഡൗൺ വന്നതോടെ തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിൽ തന്നെ കാര്യമായ കുറവുണ്ടായി. തനത് ഫണ്ടിൽ നിന്ന് ശമ്പളം പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് മിക്ക തദ്ദേശസ്ഥാപനങ്ങളും.

രോഗവ്യാപനം കൂടിയാൽ ചുരുങ്ങിയത് നാല് മാസമെങ്കിലും ഇത്തരം കേന്ദ്രങ്ങൾ നടത്തേണ്ടി വരും. ഈ സാഹചര്യത്തിലാണ് കാര്യമായ രോഗലക്ഷണം ഇല്ലാത്തവരെ വീടുകളിൽ തന്നെ ചികിത്സിക്കണമെന്ന അഭിപ്രായം ഉയരുന്നത്. ഇല്ലെങ്കിൽ ഗുരുതരമായ രോഗാവസ്ഥയിലുള്ളവർക്കും ചികിത്സ നിഷേധിക്കപ്പെടും. കൊവിഡ് രോഗികളെ വീടുകളിൽ കഴിയാൻ അനുവദിച്ചാലും ഇവരെ ചികിത്സിക്കാൻ ഡോക്ടർമാരെയും, നഴ്സുമാരെയും കണ്ടെത്തണം. രോഗികളുടെ എണ്ണം നിയന്ത്രിക്കാനായില്ലെങ്കിൽ എഫ്എൽടിസികളുടെ നടത്തിപ്പാകും സംസ്ഥാനം നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളി.

click me!