അവയവമാഫിയയെ പൂട്ടാൻ പ്രത്യേക അന്വേഷണ സംഘം വരുന്നു, തലവൻ തൃശ്ശൂർ എസ്‍പി

Published : Oct 24, 2020, 10:58 AM IST
അവയവമാഫിയയെ പൂട്ടാൻ പ്രത്യേക അന്വേഷണ സംഘം വരുന്നു, തലവൻ തൃശ്ശൂർ എസ്‍പി

Synopsis

തൃശ്ശൂർ എസ്‍പി എസ് സുദർശന്‍റെ നേതൃത്വത്തിലാകും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുക. ഇടനിലക്കാർ, ആശുപത്രികൾ, സർക്കാർ ജീവനക്കാർ എന്നിവരുടെ പങ്ക് വിശദമായി ഈ സംഘം അന്വേഷിക്കും. അവയവദാനവുമായി ബന്ധപ്പെട്ട് വൻകൊള്ളയാണ് നടക്കുന്നതെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്തെ അവയവക്കച്ചവട മാഫിയക്ക് എതിരായ അന്വേഷണം വിപുലീകരിക്കാൻ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് ആഭ്യന്തരവകുപ്പ്. സംസ്ഥാനവ്യാപകമായി അന്വേഷണം നടത്തുന്നതിന് വേണ്ടി പ്രത്യേകസംഘം രൂപീകരിക്കും. തൃശ്ശൂർ എസ്‍പിയുടെ എസ് സുദർശന്‍റെ നേതൃത്വത്തിലാകും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുക. ഇടനിലക്കാർ, ആശുപത്രികൾ, സർക്കാർ ജീവനക്കാർ എന്നിവരുടെ പങ്ക് വിശദമായി ഈ സംഘം അന്വേഷിക്കും. സംസ്ഥാനത്ത് അവയവദാനവുമായി ബന്ധപ്പെട്ട് വൻമാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് അവയവദാന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഏജന്‍റുമാരുടെ ചതിയിൽപ്പെട്ട് നിരവധിപ്പേർ വൃക്ക ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വിൽപ്പന നടത്തിയെന്നും ഐജി എസ് ശ്രീജിത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത് അവയവ കൈമാറ്റത്തിന് മൃതസഞ്ജീവനിയെന്ന പദ്ധതിയുണ്ട്. മരണാനന്തരമുള്ള അവയവദാനമാണ് ഈ പദ്ധതി. ജീവിക്കുമ്പോഴോ, അല്ലങ്കിൽ ഒരാള്‍ മരണപ്പെട്ടാൽ ബന്ധുക്കളുടെ സമ്മതത്തോടെയോ അവയവങ്ങള്‍ രോഗിക്ക് മാറ്റിവയ്ക്കുന്നതാണ് പദ്ധതി. നിയമാനുസൃതമുള്ള ഈ പദ്ധതിയെ അട്ടിമറിച്ച് ഏജന്‍റുമാർ അവയവ കച്ചവടം നടത്തുന്നുവെന്നാണ് ക്രൈം ബ്രാ‍ഞ്ച് കണ്ടെത്തൽ. 

കഴിഞ്ഞ രണ്ടു വർഷത്തിനിടെ നിരവധി പാവങ്ങളായ ആളുകൾ ചൂഷണത്തിന് ഇരയായെന്ന് മാത്രമാണ് റിപ്പോർട്ടിലുള്ളത്. സംസ്ഥാനത്ത് എവിടെയുള്ളവരാണെന്നോ ഏത് ആശുപത്രി കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ ശസ്ത്രക്രിയ നടന്നതെന്നോ റിപ്പോർട്ടിലില്ല. സർക്കാർ ഉദ്യോഗസ്ഥരും ഈ മാഫിയക്കൊപ്പം പ്രവർത്തിച്ചതായി സംശയിക്കുന്നുണ്ടന്നും ഐജി പറയുന്നു. ആരെയും പ്രതിയാക്കാതെയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  

അവയവ കച്ചവടത്തിലൂടെ വഞ്ചിതരായ കൊടുങ്ങല്ലൂരിലെ ചിലർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയതെന്ന് വിവരം. ചില സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചുള്ള അവയവ ഏജന്‍റുമാരുടെ പ്രവർത്തനം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ട് വന്നിരുന്നു. കോളനികള്‍ കേന്ദ്രീകരിച്ചാണ് മാഫിയയുടെ പ്രവർത്തനം. പാവങ്ങളെ പണം നൽകിയ പ്രലോഭിപ്പിച്ച് ആശുപത്രിയിലെത്തിച്ച് സമ്മതപത്രം വാങ്ങിയ വൃക്ക തട്ടിയെടുക്കുന്ന മാഫിയ സംസ്ഥാനത്തെ സജീവമാണെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകള്‍ നേരത്തെയുമുണ്ടായിരുന്നു. പക്ഷെ ഇപ്പോഴാണ് സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണത്തിനായി ഒരു കേസ് രജിസ്റ്റർ ചെയ്യുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബെംഗളൂരു ഫ്ലാറ്റ് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചന, ഡിജിപിക്കും ബെംഗളൂരു പൊലീസ് കമ്മീഷണർക്കും പരാതി നൽകിയെന്ന് ഷാനിമോൾ ഉസ്മാൻ
കെ ടെറ്റിൽ വീണ്ടും സുപ്രധാന ഇളവുമായി വിദ്യാഭ്യാസ വകുപ്പ്; പ്രമോഷൻ, ബൈട്രാൻസ്ഫർ നിയമനം നൽകാം, യോഗ്യത നേടാൻ രണ്ട് വർഷത്തെ സാവകാശം