സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ ഏതെങ്കിലും തരത്തിൽ ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അതിന്‍റെ പേരിൽ എന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകയല്ല വേണ്ടത്, നാട്ടിലെ ഔദ്യോഗിക പ്രതിപക്ഷം ഉത്തരവാദബോധത്തോടെ അതിനെതിരെ വിമർശനമുന്നയിക്കുക, സർക്കാരിനെ അക്കൗണ്ടബിൾ ആക്കുക എന്നതാണ്- വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: കേരളം മഴക്കെടുതിയിൽ വളഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പ്രളയബാധിതപ്രദേശങ്ങൾ സന്ദർശിക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രി സർക്കാർ ഹെലികോപ്റ്ററിൽ കറങ്ങുകയാണെന്ന വിമർശനങ്ങളിൽ പ്രതികരണവുമായി വിടി ബൽറാം എംഎൽഎ. സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ ഏതെങ്കിലും തരത്തിൽ ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അതിന്‍റെ പേരിൽ എന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകയല്ല വേണ്ടത്, നാട്ടിലെ ഔദ്യോഗിക പ്രതിപക്ഷം ഉത്തരവാദബോധത്തോടെ അതിനെതിരെ വിമർശനമുന്നയിക്കുക, സർക്കാരിനെ അക്കൗണ്ടബിൾ ആക്കുക എന്നതാണ്- വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ഹെലികോപ്റ്റർ വിഷയത്തിൽ ഉത്തരവാദിത്തത്തോടെ വിമർശനമുന്നയിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കടന്നുവരട്ടെ. സർക്കാർ അതിന് മറുപടി നൽകട്ടെ. കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെ അനുവദിച്ച് കാബിനറ്റ് റാങ്കിൽ പ്രതിപക്ഷ നേതാവിനെ വച്ചിരിക്കുന്നത് ഇതിനൊക്കെ വേണ്ടിയാണ്- ബൽറാം പറയുന്നു. മുഖ്യമന്ത്രി വിഡി സതീശന്‍റെ ഹെലിക്കോപ്റ്റർ യാത്രയെ വിമർശിച്ച് മുൻ മന്ത്രി എംബി രാജേഷ് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. രണ്ടുതവണ വ്യക്തിപരമായ ആവശ്യത്തിന് ഹെലികോപ്റ്റര്‍ പറത്തിയെന്ന് മുന്‍ മന്ത്രി എം ബി രാജേഷ് പറഞ്ഞു.

'അതാ ആകാശത്ത് ഒരു സർക്കാർ ഹെലികോപ്റ്റർ. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കതു പറന്നു. ഒരു തവണയല്ല, പ്രളയദുരിതാശ്വാസത്തിനല്ല. ഔദ്യോഗികാവശ്യവുമല്ല. തികച്ചും പേഴ്സണൽ. ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് ഔദ്യോഗിക ആവശ്യത്തിനോ പ്രളയദുരിതാശ്വസത്തിനോ അല്ലെന്ന് എം ബി രാജേഷ് കുറ്റപ്പെടുത്തി. ഹെലികോപ്റ്ററില്‍ യു ടേണ്‍ അടിച്ചുവെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടിയും പരിഹസിച്ചു. ഇന്നലെ മുഖ്യമന്ത്രി കൊച്ചിയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്രയിലാണ് വിവാദം ഉണ്ടായത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം.