ലോകം വിട്ടുപോകാന്‍ ജെറിക്ക് ആവില്ല; ജീവിക്കും ഇനി അഞ്ച് പേരിലൂടെ

By Web TeamFirst Published Jul 31, 2021, 7:39 PM IST
Highlights

ഹൃദയം തകര്‍ന്ന വേദനയില്‍ ഇരിക്കുമ്പോഴും ബ്രയിന്‍ ഡെത്ത് സര്‍ട്ടിഫിക്കേഷന്‍ പാനല്‍ അംഗവും ശ്രീചിത്രയിലെ ന്യൂറോസര്‍ജറി വിഭാഗം തലവനുമായ ഡോ എച്ച് വി ഈശ്വറിനെ അവയവദാനം നടത്താനുള്ള സമ്മതം ലിന്‍സി അറിയിച്ചു. ജെറിയുടെ അച്ഛനും അമ്മയുമടക്കമുള്ള മറ്റുബന്ധുക്കളും ലിന്‍സിയുടെ തീരുമാനത്തെ അംഗീകരിച്ചു

തിരുവനന്തപുരം: ജെറി ഈ ലോകം വിട്ട് പോയിട്ടില്ല... ലിന്‍സിക്ക് അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം. അഞ്ച് പേരിലൂടെ ജെറി ഇനിയും ഏറെ കാലം ജീവിക്കും. സ്കൂട്ടര്‍ അപകടം കവര്‍ന്നെടുത്ത ജെറിയുടെ ജീവന്‍ അഞ്ച് പേര്‍ക്ക് പകുത്തു നല്‍കിയ ഭാര്യ ലിന്‍സി ലോകത്തിനാകെ മാതൃകയായി മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈ 27ന് രാത്രി ഒന്‍പതരയോടെയാണ് മണ്ണന്തല കരിമാംപ്ലാക്കല്‍വീട്ടില്‍ ജെറി വര്‍ഗീസിന് മണ്ണന്തലയ്ക്കു സമീപമുണ്ടായ സ്കൂട്ടറപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

ബൈജൂസ് ലേണിംഗ് ആപ്പിലെ ബിസിനസ് ഡവലപ്പ്മെന്‍റ് അസോസിയേറ്റായ ജെറി ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ മണ്ണന്തലയ്ക്ക് സമീപത്തുവച്ച് സ്കൂട്ടര്‍ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. തല ഫുട്പാത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ജെറിയെ പൊലീസ് ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.

ഭര്‍ത്താവിന് അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തം താങ്ങാവുന്നതില്‍ ഏറെയാണെങ്കിലും പുതുജീവിതം സ്വപ്നം കണ്ട് ആശുപത്രിയില്‍ ചികിത്സ തേടുന്ന നിര്‍ധനരായ രോഗികളെ തങ്ങളുടെ രണ്ട് വയസുകാരി മകള്‍ ജെലീനയെ നെഞ്ചോട് അടക്കി പിടിച്ച ലിന്‍സി മറന്നില്ല. ഹൃദയം തകര്‍ന്ന വേദനയില്‍ ഇരിക്കുമ്പോഴും ബ്രയിന്‍ ഡെത്ത് സര്‍ട്ടിഫിക്കേഷന്‍ പാനല്‍ അംഗവും ശ്രീചിത്രയിലെ ന്യൂറോസര്‍ജറി വിഭാഗം തലവനുമായ ഡോ എച്ച് വി ഈശ്വറിനെ അവയവദാനം നടത്താനുള്ള സമ്മതം ലിന്‍സി അറിയിച്ചു.

ജെറിയുടെ അച്ഛനും അമ്മയുമടക്കമുള്ള മറ്റുബന്ധുക്കളും ലിന്‍സിയുടെ തീരുമാനത്തെ അംഗീകരിച്ചു. ഏറെ ആദരവോടെ ലിന്‍സിയുടെ കാല്‍ തൊട്ട് വന്ദിച്ച ശേഷമാണ് ഡോ എച്ച് വി ഈശ്വര്‍  മറ്റ് നടപടികളിലേയ്ക്ക് കടന്നത്. ആരോഗ്യവകുപ്പുമന്ത്രി വീണ ജോര്‍ജ് മൃതസഞ്ജീവനി അധികൃതര്‍ക്ക് തുടര്‍പ്രക്രിയകള്‍ സുഗമമാക്കാന്‍ വേണ്ട നിര്‍ദേശവും നല്‍കിയതോടെ കാര്യങ്ങള്‍ ദ്രുതഗതിയില്‍ നടന്നു.

മൃതസഞ്ജീവനിയുടെ അപ്രോപ്രിയേറ്റ് അതോറിറ്റി കൂടിയായ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ റംലാബീവി, മൃതസഞ്ജീവനി കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ സാറ വര്‍ഗീസ്, സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ്, കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്‍റ് കോ ഓര്‍ഡിനേറ്റര്‍ സബീര്‍ എന്നിവര്‍ അവയവദാന പ്രവര്‍ത്തനം ഏകോപിപ്പിച്ചു. 

കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടു രോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണ് നൽകിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം പ്രൊഫസർ ഡോ സതീഷ് കുറുപ്പ്, ഡോ ഉഷാകുമാരി (അനസ്തേഷ്യ). കിംസ് ആശുപത്രി യൂറോളജി വിഭാഗത്തിലെ ഡോ രേണു, ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് ഡോ ചിത്രാ രാഘവൻ,എന്നിവർ ശസ്ത്രക്രിയകളിൽ പങ്കാളികളായി.

click me!