
കോട്ടയം: യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനെതിരെ ഓർത്തഡോക്സ് സഭ. സഭാ തർക്കത്തിൽ കോടതി വിധി നടപ്പാക്കരുതെന്ന ബെന്നി ബഹനാന്റെ നിലപാടിനോട് കെപിസിസി യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ ആവശ്യപ്പെട്ടു. എന്നാൽ വിശ്വാസികളുടെ കാര്യത്തിൽ പക്ഷം ചേരില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്.
കോന്നി ഉപതെരഞ്ഞെടുപ്പിന്‍റെ ജയപരാജയങ്ങളിൽ ഓർത്തഡോക്സ് വോട്ടുകൾക്ക് നിർണായക പങ്കാണുള്ളത്. മുപ്പത് ശതമാനം വരുന്ന ക്രിസ്ത്യൻ വോട്ടുകളിൽ മുപ്പതിനായിരത്തോളം ഓർത്തഡോക്സ് വിഭാഗത്തിന്‍റെതാണ്. അമ്പത്തി മൂന്ന് ദേവാലയങ്ങളും ഓർത്തോക്സ് വിഭാഗത്തിന്‍റെതായി മണ്ഡലത്തിലുണ്ട്. ഈ വോട്ടുകളിൽ ലക്ഷ്യം വച്ച് യുഡിഎഫ് പ്രചാരണം ഊർജ്ജിതമാക്കുന്നതിനിടെയാണ് സഭാതർക്ക വിഷയത്തിൽ കോടതി വിധി നടപ്പാക്കുന്നതിനെതിരെ ബെന്നി ബഹനാന്റെ പ്രതികരണം പുറത്ത് വന്നത്. ഇത് കോൺഗ്രസിനെ വെട്ടിലാക്കി. ബെന്നി ബഹനാന്റെ നിലപാടിനോട് യോജിപ്പുണ്ടോ എന്ന് കെപിസിസി വ്യക്തമാക്കണമെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി ആവശ്യപ്പെട്ടു. താനും തന്റെ പാർട്ടിയും യാക്കോബായ വിഭാഗത്തിനൊപ്പമാണെന്നായിരുന്നു യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്റെ പ്രസ്താവന.
ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നുള്ള റോബിൻ പീറ്ററിനെ സ്ഥാനാർത്ഥി ആകാത്തതിലും സഭാ നേതൃത്വത്തിന് നേരത്തെ മുതൽ അസംതൃപ്തി ഉണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിന് അപ്രതീക്ഷിത തിരച്ചടിയായിരിക്കുകയാണ് ബെന്നി ബഹനാന്റെ പ്രതികരണം. വരും ദിവസങ്ങളിൽ മണ്ഡലത്തിൽ ഇത് വലിയ രാഷ്ട്രീയ ചർച്ചയാകുമെന്നാണ് കണക്കു കൂട്ടൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam