
കൊച്ചി: സഭ തർക്ക പരിഹാരത്തിന് നിയമ നിർമാണം നടത്താനുള്ള സർക്കാർ നീക്കത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഓർത്തഡോക്സ് സഭ. സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു. നിയമനിർമ്മാണ നീക്കത്തിനെതിരെ വരുന്ന ഞായറാഴ്ച എല്ലാ ഇടവക പള്ളികളിലും പ്രതിഷേധം സംഘടിപ്പിക്കും. തിങ്കളാഴ്ച സഭയിലെ വൈദികരും മെത്രാപ്പോലീത്തമാരും തിരുവനന്തപുരത്ത് ഏകദിന ഉപവാസം അനുഷ്ഠിച്ചും പ്രതിഷേധം രേഖപ്പെടുത്തും. കോട്ടയത്ത് ചേർന്ന സഭ സുന്നഹദോസിന്റെയും പ്രവർത്തക സമിതിയുടെയും സംയുക്ത യോഗത്തിലാണ് നിയമനിർമ്മാണ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനുള്ള തീരുമാനം സഭ കൈക്കൊണ്ടത്. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സർക്കാർ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കം ആണോ ഇപ്പോൾ നടത്തുന്നത് എന്ന സംശയവും സഭാ സെക്രട്ടറി ബിജു ഉമ്മൻ ഉന്നയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam