
തിരുവനന്തപുരം: യാക്കോബായ സഭയുടെ അധ്യക്ഷന്റെ വാഴിക്കൽ ചടങ്ങ് സഭ തർക്കത്തിലെ സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്ന് ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപൊലീത്ത. കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ വിമർശനം. നിയമവിരുദ്ധ പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് വിമർശിച്ച അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാൻ മന്ത്രി പി രാജീവ് വിദേശത്ത് പോകുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും കുറ്റപ്പെടുത്തി.
സാമാന്തര ഭരണം പാടില്ലെന്നാണ് സുപ്രിം കോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു. വാഴിക്കൽ ചടങ്ങിലൂടെ യാക്കോബായ സഭ വിധി ചോദ്യം ചെയ്യുന്നു. ഇത് നിയമലംഘനമാണ്. യാക്കോബായ സഭയുടെ നിയമലംഘനത്തിന് സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകുന്നു. കേരളത്തിന്റെ നിയമമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ഒരു സംഘം ലെബനോനിൽ ചടങ്ങിന് പോകുന്നു. സംസ്ഥാന സർക്കാർ ചെലവിൽ പോകുന്ന സംഘം നിയമലംഘനത്തിന് കൂട്ടുനിൽക്കുകയാണ്. മലങ്കര സഭയിലെ സമാധാനത്തിന് വിള്ളൽ വീഴ്ത്തുന്ന നീക്കമാണിതെന്നും മെത്രാപൊലീത്ത കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിലാകുമ്പോഴാണ് ഇത്തരം യാത്രകളിലൂടെ അനാവശ്യ ചെലവുണ്ടാക്കുന്നത്. ആശ പ്രവർത്തകർക്ക് കൊടുക്കാൻ പണം ഇല്ലെന്ന് പറയുന്ന സർക്കാർ നിയമ ലംഘനത്തിന് പണം ചെലവഴിക്കുകയാണ്. സംസ്ഥാനത്തെ നിയമ മന്ത്രി തന്നെ നിയമം ലംഘിക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് ചിലരുടെ ലക്ഷ്യം. കേരളത്തിലെ പൊതുജനങ്ങളുടെ പണം എടുത്താണ് സർക്കാർ പ്രതിനിധികളെ ചടങ്ങിന് അയക്കുന്നത്. നിയമ ലംഘനത്തിന് കുട പിടിക്കുന്ന സമീപനം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.