മലങ്കര സഭാ തര്‍ക്കം; സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി ഓര്‍ത്തഡോക്സ് സഭ

By Web TeamFirst Published Aug 27, 2019, 3:23 PM IST
Highlights

1934ലെ ഭരണഘടനയുമായി സമവായചര്‍ച്ചയ്ക്ക് എത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്. 

കൊച്ചി: മലങ്കര സഭാതര്‍ക്കത്തില്‍ സമവായ ചര്‍ച്ചയ്ക്കുള്ള സര്‍ക്കാര്‍ ക്ഷണം ഓര്‍ത്തഡോക്സ് സഭ നിരസിച്ചു. വ്യാഴാഴ്ച, 1934ലെ ഭരണഘടന ഹാജരാക്കാനാവില്ലെന്നും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സഭ കത്തു നല്‍കി. 

സമവായചര്‍ച്ചയ്ക്ക് 1934ലെ ഭരണഘടനയുമായി എത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്. പള്ളിത്തര്‍ക്കത്തില്‍ തങ്ങള്‍ക്കനുകൂലമായി സുപ്രീംകോടതിയില്‍ നിന്ന് വിധി വന്നിട്ടുള്ളതാണ്. ആ വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ഇനി ചെയ്യേണ്ടത്. 1934ലെ ഭരണഘടനയൊക്കെ സുപ്രീംകോടതി നേരത്തെ പരിശോധിച്ചതാണ്. അതിന്‍റെയൊക്കെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചതും. ഈ സാഹചര്യത്തില്‍ വീണ്ടും ഭരണഘടന ഹാജരാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നീതിയുക്തമല്ലെന്നും കത്തില്‍ സഭ പറയുന്നു.

സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി മുമ്പോട്ടുനീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഓര്‍ത്തഡോക്സ് സഭ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 
 

click me!