പിറവം പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഓർത്തഡോക്സ് വിഭാഗം താല്‍കാലികമായി പിന്മാറി

By Web TeamFirst Published Sep 21, 2019, 7:20 PM IST
Highlights

ഓർത്തഡോക്സ് വിഭാ​ഗം പിറവം പള്ളിയിൽ കയറാൻ ശ്രമിച്ചാൽ വിശ്വാസികൾ പ്രതികരിക്കുമെന്ന് യാക്കോബായ സഭ മുന്നറിയിപ്പ് നൽകിയിരുന്നു. 

കോട്ടയം: പിറവം സെന്റ് മേരിസ് പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്നും ഓർത്തഡോക്സ് വിഭാഗം താല്‍കാലികമായി പിന്മാറി. പൊലീസിന്റെ അഭ്യർത്ഥന മാനിച്ചാണ് ഇന്ന് പള്ളിയിൽ പ്രവേശിക്കാതിരുന്നതെന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്താനാസിയോസ് പറഞ്ഞു. ബുധനാഴ്ച പള്ളിയിൽ പ്രവേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓർത്തഡോക്സ് വിഭാ​ഗം പിറവം പള്ളിയിൽ കയറാൻ ശ്രമിച്ചാൽ വിശ്വാസികൾ പ്രതികരിക്കുമെന്ന് യാക്കോബായ സഭ മുന്നറിയിപ്പ് നൽകിയിരുന്നു. യാക്കോബായ സഭ സംരക്ഷിക്കുമെന്നും സമാധാനം തകർക്കുന്ന ഇത്തരം കാര്യങ്ങളിൽ നിന്ന് ഓർത്തഡോക്സ് വിഭാഗം സ്വയം പിന്തിരിയണമെന്നും യാക്കോബായ സഭ‌ ആവശ്യപ്പെട്ടു.

കൂടുതല്‍ വായിക്കാം; പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

അതേസമയം, പിറവം സെന്‍റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ പ്രവേശിക്കുന്നതിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നുള്ള ഫാദർ സ്കറിയ വട്ടക്കാട്ടിൽ, കെ പി ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് മതപരമായ ചടങ്ങുകൾ നടത്താനായി സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ്  ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ കയറിയാൽ പ്രതികരിക്കുമെന്ന് പ്രസ്താവനയുമായി യാക്കോബായ സഭ രം​ഗത്തെത്തിയത്.

കൂടുതല്‍ വായിക്കാം; പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം കയറിയാൽ വിശ്വാസികൾ പ്രതികരിക്കും; യാക്കോബായ സഭ

കൂടാതെ പിറവം പള്ളിയിൽ പ്രവേശിക്കാൻ അനുമതി തേടി ഓർത്തഡോക്സ് വിഭാഗം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തുനൽകിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവനുസരിച്ച് പ്രാർത്ഥന നടത്താൻ സൗകര്യം നൽകണമെന്നാണ് കത്തിലെ ആവശ്യം. ഇതിനിടെയാണ് പള്ളിയിൽ പ്രവേശിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ പൊലീസ് ഓർത്തഡോക്സ് വിഭാഗത്തിന് കത്ത് നൽകിയത്. 

click me!