കോട്ടയം: പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാ​ഗം കയറാൻ ശ്രമിച്ചാൽ പിറവം പള്ളിയിലെ വിശ്വാസികൾ പ്രതികരിക്കുമെന്ന് യാക്കോബായ സഭ. അവരുടെ സഭ അവർ സംരക്ഷിക്കുമെന്നും സമാധാനം തകർക്കുന്ന ഇത്തരം കാര്യങ്ങളിൽ നിന്ന് ഓർത്തഡോക്സ് വിഭാഗം സ്വയം പിന്തിരിയണമെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു. ഓർത്തഡോക്സ് വിഭാഗം നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യാക്കോബായ സഭയുടെ പ്രസ്താവന.

അതേസമയം, യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയും, മെത്രാപ്പോലിത്തമാരും, വൈദികരും, സഭ ഭാരവാഹികളും സെപ്റ്റംബർ 24ന് മറൈൻ ഡ്രൈവിൽ ഉപവാസ സമരം നടത്തും. യാക്കോബായ സഭയ്ക്കെതിരെ നടക്കുന്ന നീതി നിഷേധത്തിലും, ഓർത്തഡോക്സ് വിഭാഗത്തിന്റെ മനുഷ്യത്വരഹിതമായ നടപടികളിലും പ്രതിഷേധിച്ചാണ് ഉപവാസ സമരം.

പിറവം സെന്‍റ് മേരീസ് പള്ളിയിൽ പ്രവേശിക്കാൻ അനുമതി തേടി ഓർത്തഡോക്സ് വിഭാഗം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തുനൽകിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവനുസരിച്ച് പ്രാർത്ഥന നടത്താൻ സൗകര്യം നൽകണമെന്നാണ് കത്തിലെ ആവശ്യം. അതിനിടെ പള്ളിയിൽ പ്രവേശിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ പൊലീസ് ഓർത്തഡോക്സ് വിഭാഗത്തിന് കത്ത് നൽകി.