സഭാ തര്‍ക്കം: സർക്കാരിനോടുള്ള സമീപനത്തിൽ അയഞ്ഞ് ഓ‌ർത്തഡോക്സ് സഭ, ചര്‍ച്ച വൈകീട്ട്

By Web TeamFirst Published Jul 11, 2019, 2:03 PM IST
Highlights

സര്‍ക്കാരിനോട് ഉള്ള നിലപാടിൽ അയവ് വരുത്തിയെങ്കിലും സഭാ തര്‍ക്കം പരിഹരിക്കാൻ യാക്കോബായ പ്രതിനിധികളുമായി ഒന്നിച്ചിരിക്കാനാകില്ലെന്നാണ് ഓര്‍ത്തഡോക്സ് നിലപാട്. 

തിരുവനന്തപുരം: സഭാ തർക്കത്തിൽ സർക്കാറിനോടുള്ള സമീപനത്തിൽ അയഞ്ഞ് ഓ‌ർത്തഡോക്സ് സഭ. തർക്കം തീർക്കാനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി അധ്യക്ഷൻ ഇപി ജയരാജനുമായി ഓർത്തഡോക്സ് സഭാ പ്രതിനിധികൾ വൈകീട്ട് ചർച്ച നടത്തും. സര്‍ക്കാരിനോട് ഉള്ള നിലപാടിൽ അയവ് വരുത്തിയെങ്കിലും സഭാ തര്‍ക്കം പരിഹരിക്കാൻ യാക്കോബായ പ്രതിനിധികളുമായി ഒന്നിച്ചിരിക്കാനാകില്ലെന്നാണ് ഓര്‍ത്തഡോക്സ് നിലപാട്. 

തർക്കം തീർക്കാൻ ഇരുവിഭാഗങ്ങളുമായി ഇന്ന് ചർച്ച നടത്താനാണ് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നത്. ചർച്ചക്കില്ലെന്ന് ഓർത്തഡോക്സ് സഭ നിലപാടെടുത്തതോടെ സമവായനീക്കം പൊളിഞ്ഞിരുന്നു. എന്നാൽ ഉപസമിതി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്താമെന്ന് ഒടുവിൽ ഓർത്തഡോക്സ് സഭ സമ്മതിക്കുകയായിരുന്നു. 

വൈകീട്ട് അഞ്ചരക്ക് തിരുവനന്തപുരത്താണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചക്ക് തയ്യാറായെങ്കിലും സഭാ തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിൽ തന്നെയാണ് ഓർത്തഡോക്സ് സഭ. യാക്കോബായ വിഭാഗങ്ങളുമായുള്ള ഉപസമിതിയുടെ ചർച്ചയും ഇന്നുണ്ട്. 

click me!