'നീതിനിഷേധങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും'; സർക്കാരിന് മുന്നറിയിപ്പുമായി ഓർത്തഡോക്സ് സഭ

By Web TeamFirst Published Aug 29, 2019, 5:19 PM IST
Highlights

ഭരണഘടനയെ ചൊല്ലി വർഷങ്ങൾ നീണ്ട തർക്കങ്ങൾ കഴിഞ്ഞ് സുപ്രീം കോടതി അനുകൂല ഉത്തരവിട്ടിട്ടും സർക്കാർ സഭാഭരണഘടനയുടെ പകർപ്പ് ചോദിച്ചതില്‍ ഓർത്തഡോക്സ് സഭ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ സഭ നിർബന്ധിതമാവുകയായിരുന്നുവെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ: ബിജു ഉമ്മൻ. തുടര്‍ച്ചയായ നീതി നിഷേധത്തെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ ഹര്‍ജി കൊടുത്തെന്നാണ് സഭയുടെ വിശദീകരണം. സഭാ അധ്യക്ഷൻ നേരിട്ട് സഭാഭരണഘടനയുമായി ഹാജരാകണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രതിഷേധപരമെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാട്. ഇതിലൂടെ സര്‍ക്കാര്‍ സഭാഅധ്യക്ഷനെ വിലകുറച്ച് കണ്ടെന്ന് ഓര്‍ത്തഡോക്സ് വിഭാഗം ആരോപിക്കുന്നു.

സഭയ്ക്ക് പ്രഖ്യാപിത രാഷ്ട്രീയ നിലപാടില്ലെന്ന്  പ്രഖ്യാപിച്ച ഓര്‍ത്തഡോക്സ് വിഭാഗം തുടര്‍ച്ചയായ നീതിനിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന മുന്നറിയിപ്പും സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഭരണഘടനയെ ചൊല്ലി വർഷങ്ങൾ നീണ്ട തർക്കങ്ങൾ കഴിഞ്ഞ് സുപ്രീം കോടതി അനുകൂല ഉത്തരവിട്ടിട്ടും സർക്കാർ സഭാഭരണഘടനയുടെ പകർപ്പ് ചോദിച്ചതില്‍ ഓർത്തഡോക്സ് സഭ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.സഭാ തർക്കത്തിൽ സൂപ്രീംകോടതി വിധി ഉടൻ നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കാണിച്ച് ചീഫ് സെക്രട്ടറിക്ക് ഓര്‍ത്തഡോക്സ് സഭ കത്തും നൽകിയിരുന്നു.  

ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ  ഓർത്തോഡോക്സ് വിഭാഗം സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്. 2017 ലെ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ, സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ മന്ത്രിസഭ സമിതി രൂപീകരിക്കുകയാണ് ചെയ്തതെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. കൂടാതെ കേന്ദ്രസേനയുടെ സഹായത്തോടെ കോടതിവിധി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഓര്‍ത്തഡോക്സ് വിഭാഗം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

click me!