
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാർ. അമരവിള എൽപി സ്കൂളിലെ അറബിക് അധ്യാപകൻ ഷംനാദും ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥിയിൽ 12 ലക്ഷം രൂപ തട്ടിയതിന് പൂജപ്പുര പോലീസ് കേസെടുത്തു. ഉദ്യോഗാർത്ഥിയും തട്ടിപ്പ് സംഘത്തിലെ ശ്യാം ലാലും തമ്മിലുള്ള ടെലിഫോൺ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തെങ്കിലും കൂടുതൽ നടപടിയെടുത്തില്ല. ഉദ്യോഗാർത്ഥിയുമായുള്ള സംഭാഷണത്തിൽ കേസിലെ പ്രധാന കണ്ണി ശ്യാംലാൽ 12 ലക്ഷം കൈമാറിയ ഉദ്യോഗാര്‍ത്ഥിയെ പറഞ്ഞ് പറ്റിക്കുകയാണ്.
ടൈറ്റാനിയം കേസിൻറെ വ്യാപ്തി വളരെ വലുതാണെന്നതിൻറെ മറ്റൊരു തെളിവാണ് പുറത്തുവന്ന ഈ ടെലിഫോൺ സംഭാഷണം. ഈ സംഭവത്തിൽ പണം വാങ്ങിയത് മറ്റ് കേസിൽ അറസ്റ്റിലായ ദിവ്യാ നായരല്ല. പകരം ഇടനിലയായി നിന്ന് പണം വാങ്ങിയത് അമരവിള എൽപി സ്കൂളിലെ അധ്യാപകനായ ഷംനാദാണ്. പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ശ്യാം ലാൽ, പ്രേം കുമാർ എന്നിവരും ഷംനാദും ചേർന്നാണ് ഇവിടെ തട്ടിപ്പ് നടത്തിയത്. ഉദ്യോഗാർത്ഥിയിൽ നിന്നും മൂന്ന് തവണയായി സംഘം കൈപ്പറ്റിയത് 12 ലക്ഷം രൂപ
ഈ കേസിലും ശ്യാം ലാലാണ് ഉദ്യോഗാർത്ഥിയെ ഇൻറർവ്യൂവിനായി ടൈറ്റാനിയത്തിലെത്തിക്കുന്നത്. അഭിമുഖം നടത്തിയതാകട്ടെ മറ്റ് കേസുകളിൽ ഉൾപ്പെട്ട ഡിജിഎം ശശികമാരൻ തമ്പി. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം നവംബര്‍മാസം പൂജപ്പുര പോലീസ് 12 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കേസ് എടുത്തു. പക്ഷെ പിന്നെ അനങ്ങിയില്ല.
9 പേരില്‍ നിന്ന് ഒരു കോടി 85 ലക്ഷം രൂപ തട്ടിയെടുത്തത് 2018-19 ല്‍ ആയിരുന്നെങ്കില്‍ ഇത് വെറും ആറുമാസം മുമ്പാണ്. അതായത് തട്ടിപ്പിനിരയാവർ ഇനിയും ഒരുപാടുണ്ട്., തട്ടിയെടുത്ത പണത്തിൻറെ വ്യപ്തിയും കൂടും ഒപ്പം പുതിയ പല ഇടനിലക്കാരും പുറത്തുവരാനുമുള്ള വലിയ ജോലി തട്ടിപ്പാണ് ടൈറ്റാനിയത്തിൽ നടന്നതെന്ന് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നു.