
തിരുവനന്തപുരം: കൊവിഡിനെതിരെ കേരളം നടത്തുന്ന ഭഗീരഥ പ്രയത്നം ഫലം കണ്ടു തുടങ്ങിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. കൊവിഡ് പൊസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസകരമായ കാര്യമാണ്. ആരോഗ്യവകുപ്പും പൊലീസും ഇൻ്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ കോണ്ടാക്ട് ട്രേസിംഗ് കൊവിഡിനെ നടയുന്നതിൽ ഏറെ ഗുണം ചെയ്തതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.
നേരിയ രോഗലക്ഷണവുമായി വരുന്നവരെ പോലും പരിശോധനകൾക്ക് വിധേയരാക്കുന്നുണ്ട്. പത്ത് പേർക്ക് ചികിത്സ വേണ്ടപ്പോൾ ആയിരം പേരെ മുന്നിൽ കണ്ടുള്ള സൗകര്യങ്ങളൊരുക്കിയതും നമ്മുക്ക് നേട്ടമായി. അതേസമയം കേരളത്തിലെ സ്ഥിതി മെച്ചപ്പെട്ടാലും അയൽ സംസ്ഥാനങ്ങളിൽ രോഗം പടരുന്നത് ആശങ്കാജനകമാണെന്നും എല്ലായിടത്തും കൊവിഡ് നിയന്ത്രണവിധേയമാകണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.
കൊവിഡിനെതിരായ നമ്മുടെ പോരാട്ടം ഫലം കണ്ടു തുടങ്ങിയിരിക്കുന്നു എന്നു വേണം വിലയിരുത്താൻ. നല്ല രീതിയിലുള്ള കോണ്ടാക്ട് ട്രേസിംഗാണ് നമ്മൾ ഇതുവരെ നടത്തിയത്. ആരോഗ്യവകുപ്പ്, പൊലീസ് ഇൻ്റലിജൻസ് എന്നിവർ ചേർന്നുള്ള സംയുക്ത പ്രവർത്തനമായിരുന്നു അത്. ഒന്നോ രണ്ടോ കണികൾ വിട്ടു പോയതൊഴിച്ചാൽ മിക്കവാറും എല്ലാ കോണ്ടാക്ടുകളേയും ട്രേസ് ചെയ്യാൻ സാധിച്ചു.
മറ്റൊന്ന് നമ്മുടെ ഐസൊലേഷൻ സിസ്റ്റമാണ്. പത്ത് ബെഡ് വേണ്ടിടത്ത് ആയിരം ബെഡൊരുക്കിയാണ് നാം കൊവിഡിനോട് പൊരുത്തിയത്. എല്ലാ രോഗികൾക്കും മികച്ച ചികിത്സ നൽകാൻ സാധിച്ചതും നിർണായകമായി. മറ്റു രോഗികളെ ഇതര ആശുപത്രികളിലേക്ക് മാറ്റി കൊവിഡ് ആശുപത്രികൾ തുടങ്ങിയതും തുണയായി.
കാസർകോട് ജില്ലയിൽ ഒരു കൊവിഡ് ആശുപത്രി ആരും പ്രതീക്ഷിച്ചതല്ല. ഒരു മെഡിക്കൽ കോളേജ് പോലുമില്ലാത്ത കാസർകോട് ജില്ലയിൽ ജനറൽ ആശുപത്രിയും, ജില്ലാ ആശുപത്രിയും നമ്മൾ നമ്മുടെ ആവശ്യത്തിന് അനുസരിച്ച് മാറ്റിയെടുത്തു. പണി പൂർത്തിയായ കാസർകോട് മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്ക് കൊവിഡ് ആശുപത്രിയാക്കി മാറ്റി.
പക്ഷേ അവിടേക്ക് വേണ്ട മെഡിക്കൽ സ്റ്റാഫ് കാസർകോടും കണ്ണൂരിലുമില്ല എന്നു കണ്ടപ്പോൾ തിരുവനന്തപുരത്ത് നിന്നും പ്രത്യേക സംഘത്തെ അങ്ങോട്ട് അയച്ചു. ഇനിയും കൂടുതൽ ഡോക്ടർമാർ അവിടേക്ക് പോകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പക്ഷേ ഇന്നലെ കാസർകോട് നിന്നും പുതുതായി പൊസീറ്റീവ് കേസുകൾ വന്നിട്ടില്ല. 28 പേർ നെഗറ്റീവായി റിസർട്ട് വരികയും ചെയ്തു.
കുറേ നാളായി എല്ലാവരും കൂടിയുള്ള ഒരു ഭഗീരഥ പ്രയത്നമാണല്ലോ നമ്മൾ നടത്തിയത്. അതിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളും ചേർന്ന് വലിയ പ്രവർത്തനമാണ് നടത്തിയത്. ഇന്നലത്തെ റിസൽട്ട് അതിനു ഫലമുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. എന്തായാലും കുറേ കേസുകൾ ഇന്ന് നെഗറ്റീവാകും. ആശുപത്രിയിൽ ചികിത്സയിലുള്ള പലരുടേയും ആരോഗ്യനില കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്.
ലോക്ക് ഡൗൺ ദീർഘിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരാണ് തീരുമാനം എടുക്കേണ്ടത്. ജീവൻ നിലനിർത്തുന്നതിനൊപ്പം ജീവിതവും മുന്നോട്ട് കൊണ്ടു പോകണം എന്നാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി പറഞ്ഞത് അതു വളരെ ശരിയുമാണ്. വിളഞ്ഞ നെല്ലൊക്കെ ഇനി കൊയ്ത്തെടുക്കണം അല്ലെങ്കിൽ കുറച്ചു കഴിഞ്ഞാൽ പട്ടിണി കിടന്നു മരിക്കേണ്ടി വരും. ഇപ്പോൾ വൈറസ് വന്നു മരിക്കും, പിന്നെ പട്ടിണി കിടന്നു മരിക്കും. ഇതൊക്കെ ബാലൻസ് ചെയ്തു പോകണം.
അതുപോലെ ജനങ്ങളുടെ സഞ്ചാരം പൂർണമായും തടഞ്ഞാൽ അതു സൃഷ്ടിക്കുന്ന സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങളുണ്ട്. എന്നാൽ ജനങ്ങളെ മുഴുവനായി ഇറക്കി വിട്ടാൽ ഉണ്ടാവുന്ന പ്രശ്നങ്ങളുമുണ്ട്. അതിനാൽ അതൊക്കെ ആലോചിച്ച് തീരുമാനം എടുക്കണം. റാപ്പിഡ് ടെസ്റ്റിൻ്റെ കാര്യത്തിൽ കിറ്റുകൾ കിട്ടാനുള്ള ബുദ്ധിമുട്ട് ഉണ്ട്. കിറ്റുകൾ കിട്ടുന്ന മുറയ്ക്ക് പരിശോധനകൾ നടത്താനാണ് തീരുമാനം. ഇപ്പോൾ നമ്മുടെ കൈയിൽ കിറ്റുണ്ട് അതുപയോഗിക്കുമ്പോൾ തന്നെ കൂടുതൽ കിറ്റുകൾ വാങ്ങുകയും ചെയ്യേണ്ടതുണ്ട്. കിറ്റുകൾ ഉപയോഗിച്ച് ആരെയെല്ലാം പരിശോധിക്കണം എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിൽ ചർച്ച തുടരുകയാണ്. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർക്കായിരിക്കും ഇക്കാര്യത്തിൽ മുൻഗണന.
എന്നാൽ നാം ശ്രദ്ധിക്കേണ്ട കാര്യം കേരളത്തിൽ മാത്രം സ്ഥിതി മെച്ചപ്പെട്ടിട്ടു കാര്യമില്ല. നമ്മുടെ അയൽ സംസ്ഥാനങ്ങളിലെല്ലാം കൊവിഡ് വ്യാപിക്കുകയാണ്. എല്ലായിടത്തും പ്രശ്നം പരിഹരിക്കപ്പെടണം എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ നന്നായി പരിശ്രമിക്കുന്നുണ്ട്. എന്നാൽ ഇതു വളരെ പെട്ടെന്ന് വ്യാപിക്കുന്ന ഒരു വൈറസാണ് എന്നതാണ് പ്രശ്നം.
നിലവിൽ കേരളത്തിൽ ചികിത്സയിലുള്ള ഒന്നോ രണ്ടോ പേരുടെ സ്ഥിതി അൽപം മോശമാണ്. എന്നാൽ അതീവ ഗുരുതരമല്ല കൊവിഡിനൊപ്പം മറ്റു അസുഖങ്ങളുള്ളതിനാൽ വന്ന ബുദ്ധിമുട്ടുകളാണ് അവർക്കുള്ളത്. അവരെ ചികിത്സിച്ചു രക്ഷപ്പെടുത്താനാവും എന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആരോഗ്യവകുപ്പും ഡോക്ടർമാരുമുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam