പാലം തകർന്നു, തോട് പുഴയായി; പുഞ്ചക്കൊല്ലി വനത്തിൽ 250 ആദിവാസികൾ ഒറ്റപ്പെട്ടു

By Web TeamFirst Published Aug 12, 2019, 9:44 AM IST
Highlights

102 കുടുംബങ്ങളാണ് പുഞ്ചക്കൊല്ലി വനത്തിനുള്ളിലെ കോളനികളിൽ കുടുങ്ങിക്കിടക്കുന്നത്. മഴ കനക്കുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥർ കോളനിയിലെത്തി ഇവരോട് മാറാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ മാറാൻ കൂട്ടാക്കിയിരുന്നില്ല. 

മലപ്പുറം: മലപ്പുറം വഴിക്കടവിലെ പുഞ്ചക്കൊല്ലി വനത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട 250ലേറെ ആളുകൾ കുടുങ്ങിക്കിടക്കുന്നു. പുഞ്ചക്കൊല്ലി, അളയ്ക്കൽ കോളനികളിലായുള്ള കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടവരാണിവർ. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ഇവർ ക്യാമ്പിലേക്ക് മാറാൻ തയ്യാറാകുന്നില്ല. 

ഒരു തോട് കടന്ന് വേണമായിരുന്നു പുഞ്ചക്കൊല്ലിയിൽ നിന്ന് വഴിക്കടവിലേക്ക് വരുവാൻ. കനത്ത മഴയിൽ തോടിന് കുറുകെയുള്ള പാലം തകർന്നതോടെയാണ് കുടുംബങ്ങൾ ഒറ്റപ്പെട്ടത്. 102 കുടുംബങ്ങളാണ് പുഞ്ചക്കൊല്ലി വനത്തിനുള്ളിലെ കോളനികളിൽ കുടുങ്ങിക്കിടക്കുന്നത്. മഴ കനക്കുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥർ കോളനിയിലെത്തി ഇവരോട് മാറാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ മാറാൻ കൂട്ടാക്കിയിരുന്നില്ല. 

കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെടുന്ന ആദിവാസികൾ പുറം ലോകവുമായി അധികം ബന്ധപ്പെടാത്തവരാണ്. അരിയും പയറും വാങ്ങുന്നതടക്കമുള്ള അത്യാവശ്യ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഇവർ പുറത്തേക്ക് വരാറുണ്ടായിരുന്നത്. കനത്ത മഴയിൽ തോട് പുഴ പോലെ ഒഴുകാൻ തുടങ്ങുകയും പാലം തകരുകയും ചെയ്തതോടെ ഇവർക്ക് പുറത്തേക്ക് വരാൻ പറ്റാതായി. 

അട്ടപാടിയിൽ ചെയ്തത് പോലെ വടം കെട്ടി ഇവരെ പുറത്തെത്തിക്കാനടക്കം അഗ്നിശമനസേനാംഗങ്ങളും ദുരന്തനിവാരണ സേനയും തയ്യാറാണെങ്കിലും ആദിവാസികൾ സഹരിക്കാത്തതാണ് പ്രശ്നം. നിലവിൽ കയറു കെട്ടി ഭക്ഷണ സാമഗ്രികൾ കോളനിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 

പക്ഷേ മഴ കനക്കുകയോ തോട് വഴിമാറിയൊഴുകുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ ബലം പ്രയോഗിച്ചിട്ടായാലും ഇവരെ ഇവിടെ നിന്ന് മാറ്റുവാനാണ് തീരുമാനം. 

click me!