
കണ്ണൂർ: പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ ഹരീന്ദ്രനെ പിന്തുണച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. പി ഹരീന്ദ്രൻ വർഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാളാണെന്നും അദ്ദേഹത്തെ വർഗീയവാദിയാക്കരുത്, അദ്ദേഹം അഞ്ച് തവണയെങ്കിലും ആർഎസ്എസ് ആക്രമണം ഏറ്റയാളാണ്. പരാമർശത്തിൽ ഹരീന്ദ്രൻ മറുപടി പറയും. ഹരീന്ദ്രൻ വർഗീയ ചിന്ത വച്ച് പരാമർശം നടത്തുന്ന ആളല്ല. സംഭവത്തിൽ മീഡിയ വൺ വർഗീയ പ്രചരണം നടത്തി. പ്രസംഗം വളച്ചൊടിച്ച് അവതരിപ്പിച്ചു. ഉസ്താദുമാരുടെ കാര്യം പ്രസംഗത്തിൽ പറഞ്ഞ് പോയതാണ്. അക്കാര്യം ഹരീന്ദ്രൻ വിശദീകരിക്കും. പ്രസംഗത്തിൽ ഊന്നൽ ശ്രദ്ധിക്കണം ദുർവ്യാഖ്യാനം ചെയ്യാൻ ഒരു ഭാഗം വന്നിട്ടുണ്ടാകാം എന്നും കെകെ രാഗേഷ് പറഞ്ഞു.
പാലത്തായി കേസിൽ എസ്ഡിപിഐ നിലപാടെടുത്തത് പീഡിപ്പിച്ച ആൾ ഹിന്ദു ആയതുകൊണ്ടാണെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ പറഞ്ഞത്. ഉസ്താദുമാർ പീഡിപ്പിച്ച കേസിൽ പ്രതിഷേധവുമില്ല, മുദ്രാവാക്യവും ഇല്ല. സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസിൽ എസ്ഡിപിഐ സ്വീകരിച്ചതെന്നും പി ഹരീന്ദ്രൻ പറഞ്ഞു. ഇന്നലെ രാത്രി നടത്തിയ പരിപാടിയിലാണ് ഹരീന്ദ്രൻ്റെ പരാമർശം. കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ പ്രചാരണം നടത്തുന്നത് അടിസ്ഥാനമില്ലാതെയാണ്. എത്ര ഉസ്താദുമാർ ഇങ്ങനെ കുട്ടികളെ ആൺ പെൺ വ്യത്യാസമില്ലാതെ പീഡിപ്പിച്ചിട്ടുണ്ട്. ഇവിടെ പീഡിപ്പിച്ചത് ഹിന്ദു ആയതുകൊണ്ടാണ് ഇവർ വിവാദമുണ്ടാക്കിയതെന്നും ഹരീന്ദ്രൻ പറഞ്ഞു. പാലത്തായി പീഡനക്കേസിലെ വിധിയ്ക്ക് ശേഷം എസ്ഡിപിഐ, സിപിഎമ്മിനെതിരെ വലിയ രീതിയിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐക്ക് മറുപടി എന്ന നിലയിൽ സിപിഎം നേതാവിൻ്റെ പരാമർശമുണ്ടായത്.
പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം പിരിച്ചുവിട്ടുകൊണ്ടുളള ഉത്തരവ് സ്കൂൾ മാനേജ്മെന്റ് പുറത്തുവിട്ടു. കേസിൽ തലശ്ശേരി പോക്സോ കോടതി പത്മരാജനെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2020 ജനുവരി ഫെബ്രുവരി മാസങ്ങളിൽ സ്കൂളിലെ ശുചിമുറിയിൽ വച്ച് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നതായിരുന്നു കേസ്. ബലാത്സംഗവും പോക്സോ വകുപ്പുകളും തെളിഞ്ഞ കേസിൽ രാഷ്ട്രീയ വിവാദങ്ങൾ തുടരുകയാണ്.
കേസിൽ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും 1 ലക്ഷം പിഴയും (20 വർഷം വീതം) ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.
കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.