സാജന്‍റെ ആത്മഹത്യ: വീഴ്ച സമ്മതിച്ച് പി ജയരാജൻ, ശ്യാമളയ്ക്ക് എതിരെ നടപടിയെന്ന് സൂചന

By Web TeamFirst Published Jun 22, 2019, 6:18 PM IST
Highlights

ജനപ്രതിനിധികൾക്ക് പരിമിതി ഉണ്ട് എന്നുവച്ച് ഉദ്യോഗസ്ഥർ പറഞ്ഞത് കേട്ടു നടക്കലാണോ ജനപ്രതിനിധികളുടെ ഉത്തരവാദിത്തം?
ഉദ്യോഗസ്ഥർക്ക് മേൽ ഇടപെടുകയാണ് വേണ്ടത്. അതാണ് കമ്മ്യൂണിസ്റ്റ് ജനപ്രതിനിധികൾ ചെയ്യേണ്ടത്. അക്കാര്യത്തില്‍ ആന്തൂർ മുനിസിപ്പാലിറ്റിക്ക് വീഴ്ച പറ്റി. 

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥരെ പഴിചാരി സിപിഎം നേതാവ് പി.ജയരാജന്‍. സാജന്‍റെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് ആന്തൂര്‍ നഗരസഭാ സെക്രട്ടറി സ്വീകരിച്ചതെന്നും ഇവരെ തിരുത്താനോ വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്താനോ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്ക് സാധിച്ചില്ലെന്നും പി.ജയരാജന്‍ പറഞ്ഞു. ആന്തൂര്‍ സംഭവത്തെപ്പറ്റി വിശദീകരിക്കാനായി പാര്‍ട്ടി കണ്ണൂരില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍. 

ആന്തൂര്‍ മുന്‍സിപ്പാലിറ്റിക്ക് ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. ജനപ്രതിനികളുടെ വാഴ്ചയാണ് നഗരസഭയില്‍ വേണ്ടത്, അല്ലാതെ ഉദ്യോഗസ്ഥരുടേതല്ല. ആന്തൂരിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും വേണ്ട രൂപത്തില്‍ അവിടെ ഇടപെടാനും പികെ ശ്യാമളയ്ക്ക് സാധിച്ചില്ല.  ജനപ്രതിനിധികൾക്ക് പരിമിതി ഉണ്ട് എന്നുവച്ച് ഉദ്യോഗസ്ഥർ പറഞ്ഞത് കേട്ടു നടക്കലാണോ ജനപ്രതിനിധികളുടെ ഉത്തരവാദിത്തം? ഉദ്യോഗസ്ഥർക്ക് മേൽ ഇടപെടുകയാണ് വേണ്ടത്. അതാണ് കമ്മ്യൂണിസ്റ്റ് ജനപ്രതിനിധികൾ ചെയ്യേണ്ടത്. അക്കാര്യത്തില്‍ ആന്തൂർ മുനിസിപ്പാലിറ്റിക്ക് വീഴ്ച പറ്റി. സാജന്‍റെ ഭാര്യ പരാതി തന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ തീരുമാനം പാർട്ടി കൈക്കൊള്ളും.

ആന്തൂര്‍ നഗരസഭയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. ചട്ടലംഘനം നടന്നതായും ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്നതില്‍ നഗരസഭാ സെക്രട്ടറി നിഷേധാത്മക നിലപാട് സ്വീകരിച്ചിരുന്നുവെന്നും പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു. അതിനെ മറികടന്ന് കാര്യങ്ങള്‍ ചെയ്യാന്‍ നഗരസഭാ അധ്യക്ഷയ്ക്ക് പാര്‍ട്ടി നിര്‍‍ദേശം നല്‍കി. അങ്ങനെയാണ് സംയുക്തപരിശോധന നടന്നത്. 

ഈ വിഷയത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. സാജന് ഒക്യുപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് നഗരസഭാ അധ്യക്ഷ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ സെക്രട്ടറി അനാവശ്യമായ ദുര്‍വാശി കാണിച്ചു. തടസ്സവാദങ്ങള്‍ ഉന്നയിച്ച് അനുമതി നല്‍കുന്നത് നീട്ടിക്കൊണ്ടുപോയി. നഗരസഭ അധ്യക്ഷ പറഞ്ഞിട്ടും അനുസരിക്കാത്ത സെക്രട്ടറി ആയിരുന്നു ആന്തൂരിലേത്. ക്രൂരമായ അനാസ്ഥയാണ് സാജന്‍റെ ഓഡിറ്റോറിയത്തിന്‍റെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കാട്ടിയതെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.

click me!