പയ്യന്നൂര്‍ സിപിഎം ഫണ്ട് തിരിമറി; ജയരാജന്‍റെ അനുനയ നീക്കം പാളി, തീരുമാനത്തിൽ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണൻ

Published : Jun 20, 2022, 12:11 PM ISTUpdated : Jun 20, 2022, 12:33 PM IST
പയ്യന്നൂര്‍ സിപിഎം ഫണ്ട് തിരിമറി; ജയരാജന്‍റെ അനുനയ നീക്കം പാളി, തീരുമാനത്തിൽ മാറ്റമില്ലെന്ന്  കുഞ്ഞികൃഷ്ണൻ

Synopsis

ടി ഐ മധുസൂധനൻ എം എൽ എ യ്ക്കെതിരെ ശക്തമായ നടപടിവേണം. പൊതു പ്രവർത്തനം അവസാനിപ്പിച്ചെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും വി കുഞ്ഞികൃഷ്ണൻ

പയ്യന്നൂര്‍; ഫണ്ട് വിവാദത്തില്‍ സിപിഎം പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞിക‍ൃഷ്ണനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കം പാളി. കുഞ്ഞികൃഷ്ണനുമായി ചര്‍ച്ചക്ക് പി.ജയരാജനെയാണ് പാര്‍ട്ടി നിയോഗിച്ചിരുന്നത്.പയ്യന്നൂർ ഖാദി സെന്ററിലെ പി ജയരാജന്‍റെ  ഓഫീസിലെ ചര്‍ച്ച  പത്ത് മിനിട്ട് മാത്രമാണ് നീണ്ടു നിന്നത്. പൊതു പ്രവർത്തനം അവസാനിപ്പിച്ചെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണൻ അറിയിച്ചു. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം സ്ഥരീകരിച്ചു. ടി ഐ മധുസൂധനൻ എം എൽ എ യ്ക്കെതിരെ ശക്തമായ നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം കണ്ണൂ‍ര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പി.ജയരാജൻ അനുനയനീക്കം നടത്തിയത്. രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നതായി പരാതിപ്പെടുകയും പാര്‍ട്ടിയെ തെളിവ് സഹിതം അക്കാര്യം ബോധിപ്പിക്കുകയും ചെയ്ത തന്നെ സ്ഥാനത്ത് നിന്നും മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണൻ. തിരിമറിയിൽ ആരോപണം നേരിടുന്ന പയ്യന്നൂര്‍ എംഎൽഎ ടിഐ മധുസൂദനനെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി പര്യാപ്തമല്ലെന്നും കൂടുതൽ ശക്തമായ നടപടി മധുസൂദനനെതിരെ വേണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. 

കുഞ്ഞികൃഷ്ണനെതിരായ അച്ചടക്ക നടപടിക്ക് പിന്നാലെ പയ്യന്നൂരിലെ പാ‍ര്‍ട്ടിയിൽ അമ‍ര്‍ഷം രൂക്ഷമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും കൂട്ടത്തോടെ ആളുകൾ ലെഫ്റ്റ് അടിക്കുന്ന സാഹചര്യമുണ്ടായി. പലരും പ്രൊഫൈൽ ഫോട്ടോയായി കുഞ്ഞികൃഷ്ണൻ്റെ ചിത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. വിഷയം പയ്യന്നൂരിൽ പാര്‍ട്ടിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ്  പി.ജയരാജനെ നിയോഗിച്ച്  അനുനയ നീക്കത്തിന് ജില്ലാ നേതൃത്വം തുടക്കമിട്ടത്. 

രക്തസാക്ഷി ധൻരാജ് ഫണ്ട് തിരിമറി: വകമാറ്റിയ 42 ലക്ഷത്തിന് കണക്ക് പറയാനാകാതെ സിപിഎം

പയ്യന്നൂരിലെ ഫണ്ട് തിരിമറിയിൽ പാർട്ടിക്ക് പണം നഷ്ടപ്പെട്ടിട്ടില്ല എന്ന് ആണയിടുന്ന സിപിഎം പക്ഷെ മൂന്ന് ഫണ്ടുകളിലായി ഒരുകോടിയോളം രൂപ അപഹരിച്ചു എന്ന തെളിവ് സഹിതമുള്ള പരാതിക്ക് മറുപടി നൽകുന്നില്ല. ധൻരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം നേതാക്കൾ പിൻവലിച്ചതിന് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപെടെ തെളിവ് സമർപ്പിച്ചിട്ടും ഒരു അന്വേഷണം നടത്താൻ പോലും സിപിഎം ഇതുവരെ തയ്യാറായിട്ടില്ല. ഫണ്ട് മോഷ്ടിച്ച ടിഐ മധുസൂധനനെ എംഎൽഎ സ്ഥാനത്ത് നിന്ന് പാർട്ടി രാജി വയ്പ്പിച്ചില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

2011 ജൂലൈ 16നാണ് പയ്യന്നൂരിലെ സജീവ സിപിഎം പ്രവർത്തകനായ സി.വി.ധൻരാജ് കൊല്ലപ്പെടുന്നത്. ധൻരാജിൻ്റെ കടങ്ങൾ വീട്ടാനും വീട് വച്ച് നൽകാനും പാർട്ടി രക്തസാക്ഷി ഫണ്ട് ശേഖരണം നടത്തി. ധനരാജിന് പയ്യന്നൂരിലെ പാർട്ടിക്കാർക്കിടയിലുണ്ടായിരുന്ന ജനപ്രീതി കാരണം എൻപത്തിയ‌‌ഞ്ച് ലക്ഷത്തിലധികമാണ് ഫണ്ട് കിട്ടിയത്. 25 ലക്ഷം രൂപയ്ക്ക് ധൻരാജിന്റെ കുടുംബത്തിന് വീട് വച്ചുനൽകി. ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിൽ 5 ലക്ഷവീതവും അമ്മയുടെ പേരിൽ 3 ലക്ഷവും സഹകരണബാങ്കിൽ സ്ഥിര നിക്ഷേപം ഇട്ടു. ബാക്കി വന്ന 42 ലക്ഷം പയ്യന്നൂരിലെ രണ്ടു നേതാക്കളുടെ ജോയിൻ്റ് അക്കൗണ്ടിൽ സ്ഥിര നിക്ഷേപമാക്കി. 

ധൻരാജിന് ഉണ്ടായിരുന്ന 15 ലക്ഷത്തിൻ്റെ കടംവീട്ടാതെയായിരുന്നു ഈ നിക്ഷേപം. ധൻരാജിൻ്റെ ഭാര്യയ്ക്ക് സഹകരണ സ്ഥാപനത്തിൽ ജോലിയുണ്ടെന്നും ആ വരുമാനത്തിൽ നിന്നും കടം വീടട്ടെ എന്നും പറഞ്ഞായിരുന്നു ഇത്. 42 ലക്ഷം സ്ഥിരനിക്ഷേപത്തിൽനിന്നും ലഭിച്ച 5 ലക്ഷത്തിന്റെ പലിശ രണ്ടു നേതാക്കളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റി. താമസീയാതെ 42 ലക്ഷവും പിൻവലിക്കപ്പെട്ടു. ഇതിനൊക്കെ ബാങ്ക് സ്റ്റേറ്റ് മെന്റ് ഉൾപെടെ തെളിവുമായാണ് വി.കുഞ്ഞികൃഷ്ണൻ ജില്ലാ നേതൃത്വത്തെ സമീപിച്ചത്.

ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ടിലേക്ക് ഈ പണം ഉപയോഗിച്ചു എന്ന് ആരോപണ വിധേയർ വിശദീകരിച്ചെങ്കിലും അങ്ങനെ ഒരു തീരുമാനം എടുത്തതിന് ഏരിയ കമ്മറ്റിയുടെ മിനിറ്റ്സിൽ തെളിവില്ല. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനൻ ആരോപണം നേരിടുമ്പോഴും ജാഗ്രതക്കുറവ് മാത്രമാണുണ്ടായതെന്നും പണം നഷ്ടമായിട്ടില്ല എന്ന് മാത്രം സിപിഎം വിശദീകരിക്കുന്നു. എങ്കിൽ ആ 42 ലക്ഷം എവിടെ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ സിപിഎം തയ്യാറാകുന്നുമില്ല. അതേസമയം എംഎൽഎ ഉൾപെട്ട സാമ്പത്തിക തിരിമറിയിൽ നിയമപരമായ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്

പയ്യന്നൂരിലെ നടപടി : പണാപഹരണമോ ക്രമക്കേടോ നടന്നിട്ടില്ലെന്ന് സിപിഎമ്മിന്റെ വീശദീകരണ കുറിപ്പ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
Malayalam News live: കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും