
തിരുവനന്തപുരം : നടൻ മമ്മൂട്ടിക്കും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ , എസ് എഫ് ഐ നേതാക്കൾക്കുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ. മമ്മൂട്ടിയെ സന്ദർശിച്ച ഡിവൈഎഫ്ഐ , എസ് എഫ് ഐ നേതാക്കളെ ലക്ഷ്യമിട്ടുള്ള സൈബർ അക്രമണം അത്യന്തം അപലപനീയമാണെന്നും ഇടത് ലേബലിൽ മമ്മൂട്ടിക്ക് എതിരെ നടത്തുന്ന പ്രചാരണത്തിന് നേതൃത്വം നൽകുന്നതാരായാലും അത് ഇടതു രാഷ്ട്രീയമല്ലെന്നും പി ജയരാജൻ വ്യക്തമാക്കി. സിപിഎം വയനാട് ജില്ലാ സെക്രട്ടറി റഫീഖുമായി മമൂട്ടിക്കുള്ള സൗഹൃദം പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. പഴയ തെറ്റിദ്ധാരണ കുത്തിപ്പൊക്കി മഹാനടനെ വേട്ടയാടാൻ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണ്. മമ്മൂട്ടി ഒരു രാഷ്ട്രീയപാർട്ടിയുടെയും ചട്ടക്കൂ ടിൽ ഒതുങ്ങുന്ന വ്യക്തിയല്ല. ഈ നാടിന്റെ പൊതുസ്വത്താണ്. രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമൊരുക്കാൻ ചിലർ നടത്തുന്ന അജണ്ട തിരിച്ചറിയപ്പെടണമെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ എം. വിജിൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവരടങ്ങുന്ന ഇടത് നേതാക്കൾ മമ്മൂട്ടിയുടെ വസതിയിൽ സന്ദർശനം നടത്തുകയും അതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വിഭാഗം സൈബർ അണികൾ വിമർശനവുമായി രംഗത്തെത്തിയത്. മുൻപ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ടൗൺഷിപ്പ് സന്ദർശന വേളയിൽ ഒപ്പം നിന്ന സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് നേതാക്കൾ അദ്ദേഹത്തെ കാണാൻ പോയതെന്നും ഇത് രാജ്യത്തും കേരളത്തിലും വിദ്യാർത്ഥി സംഘടന നടത്തുന്ന സജീവ ഇടപെടലുകൾക്കുള്ള വലിയ അംഗീകാരമാണെന്നും സഞ്ജീവ് വ്യക്തമാക്കി. കേവലം ഒരു ഫോട്ടോ എടുക്കലല്ല, മറിച്ച് രണ്ടു മണിക്കൂറിലധികം നീണ്ട ഗൗരവകരമായ ചർച്ചകളാണ് നടന്നതെന്നും, ഇത്തരം സൈബർ ആക്രമണങ്ങൾ കണ്ട് സാംസ്കാരിക രംഗത്തുള്ളവരുമായുള്ള സംവാദങ്ങളിൽ നിന്ന് സംഘടന പിന്മാറില്ലെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam