കെ ടി ജലീലിനെതിരായ ബന്ധു നിയമനം; പരാതിയില്‍ നടപടിയെന്തെന്ന് വിജിലന്‍സിനോട് ഹൈക്കോടതി

By Web TeamFirst Published Apr 2, 2019, 11:47 AM IST
Highlights

 മന്ത്രി കെ ടി ജലീലിനെതിരായ ബന്ധു നിയമന പരാതിയിൽ സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിന് ഹൈക്കോടതി നിദേശം. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ ഹർജിയിലാണ് നടപടി. 

കൊച്ചി: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധു നിയമന പരാതിയിൽ സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിന് ഹൈക്കോടതി നിദേശം. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ ഹർജിയിലാണ് നടപടി. യോഗ്യതാ മാനദണ്ഡത്തിൽ ഭേദഗതി ചെയ്തപ്പോഴും നിയമനം നടത്തിയപ്പോഴും ആരെങ്കിലും നിയമപരമായി ചോദ്യം ചെയ്തിരുന്നോയെന്ന് ഫിറോസിനോട് കോടതി ആരാഞ്ഞു. 

മന്ത്രിയുടെ സഹോദര പുത്രൻ കെടി അദീപിനെ ന്യൂനപക്ഷ ക്ഷേമ കോർപ്പറേഷനിൽ നിയമിച്ചതിൽ അഴിമതി നിരോധന നിയമപ്രകാരം മന്ത്രി  ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് നൽകിയ ഹർജിയിലാണ് കോടതി നടപടി. 

അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്ന നടപടി ഉണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. നിയമിക്കപ്പെട്ടയാൾ അനധികൃതമായി ആനുല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. വേനലവധിക്കാലത്തിന്‌ ശേഷം പരിഗണിക്കാനായി കേസ് മാറ്റി വച്ചു. അഴിമതി നിരോധന നിയമ പ്രകാരം മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഫിറോസിന്‍റെ ഹർജി.

ഏറെ വിവാദം സൃഷ്ടിച്ച ഫിറോസിന്‍റെ ആരോപണത്തോട് പക്ഷേ ലീഗിനും കോണ്‍ഗ്രസിനും തണുത്ത പ്രതികരണമായിരുന്നു. 
 

click me!