'ഉറപ്പിച്ചു പറയാം, ഞാൻ ഇവിടെയുണ്ടാകും, ഇവിടെത്തന്നെ'; മണ്ണാർക്കാട് പ്രസംഗം സിപിഎമ്മിനെതിരല്ലെന്ന് പി കെ ശശി

Published : Jul 12, 2025, 02:28 PM IST
P K Sasi

Synopsis

രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോഴും സാമൂഹിക സാംസ്കാരിക ബന്ധങ്ങൾ നിലനിർത്തുമെന്നും അഴിമതിക്കെതിരെയാണ് സംസാരിച്ചതെന്നും പി കെ ശശി.

പാലക്കാട്: സിപിഎമ്മിന് എതിരായാണ് താൻ മണ്ണാർക്കാട് പ്രസംഗിച്ചത് എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണെന്ന് പി കെ ശശി. എന്നാൽ ഒരു വാക്കുപോലും പാർട്ടിക്കെതിരായോ പാർട്ടി നേതാക്കൾക്കെതിരായോ പറഞ്ഞിട്ടില്ലെന്നാണ് പി കെ ശശിയുടെ അവകാശവാദം. രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ വ്യക്തിപരമായ ബന്ധങ്ങൾ നിലനിർത്തുമെന്നാണ് താൻ പറഞ്ഞതെന്നും അഴിമതിക്കെതിരെയാണ് താൻ സംസാരിച്ചതെന്നും പി കെ ശശി വിശദീകരിച്ചു.

പി കെ ശശിയുടെ കുറിപ്പ്

"കഴിഞ്ഞ പത്തു മുപ്പത്തിയഞ്ചു കൊല്ലമായുള്ള മണ്ണാർക്കാട്ടെ സാധാരാണക്കാരായ തൊഴിലാളികൾ, വ്യാപാരി വ്യവസായികൾ, രാഷ്ട്രീയ പ്രവർത്തകർ, ലയൺസ് റോട്ടറി ക്ലബുകൾ, കൃഷിക്കാർ, ഓട്ടോ തൊഴിലാളികൾ, വിദ്യാർത്ഥി യുവജന പ്രവർത്തകർ എന്നിവരുമായുള്ള എന്റെ നാഭീനാള ബന്ധം മുറിച്ചു മാറ്റാൻ ഈ ലോകത്തൊരു ശക്തിയ്ക്കും കഴിയില്ല. മണ്ണാർക്കാട്ടെ ഈ മേഖലകളിലെല്ലാം എന്റെ സജീവമായ സാന്നിധ്യം ഉണ്ടാവുമെന്നാണ് യോഗത്തിൽ ഞാൻ പറഞ്ഞത്.

അഴിമതിക്കെതിരെയാണ് ഞാനവിടെ പറഞ്ഞത്. എല്ലാ കാര്യങ്ങളിലും സോഷ്യൽ ഓഡിറ്റ് വേണമെന്നാണ് ഞാൻ പറഞ്ഞത്. എല്ലാ വർക്കുകളും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണം. പിന്നെ ഒരു കാര്യം കൂടി പറഞ്ഞു. വിരോധമുള്ള ഒരാൾക്കെതിരെ വെറുതെ അഴിമതി ആരോപണമുന്നയിക്കുന്നത് ശരിയല്ല. അത് വ്യക്തമായി തെളിയിക്കപ്പെടണം. മാത്രവുമല്ല അഴിമതി ഉന്നയിക്കുന്നവൻ താൻ പരിശുദ്ധനാണ് എന്ന് ലോകത്തെ ബോധ്യപ്പെടുത്തണം. മാലിന്യ കൂമ്പാരത്തിൽ ഇറങ്ങിനിന്ന് കരയ്ക്കു നിൽക്കുന്നവന്റെ കുപ്പായത്തിൽ കറുത്ത കുത്തുണ്ടെന്ന് പറയുന്നത് അപഹാസ്യമാണ് എന്നാണ് ഞാനവിടെ പ്രസംഗിച്ചത്.

ഒരു ചീഞ്ഞ സംസ്കാരം നമ്മുടെ നാട്ടിലുണ്ട്. ആരെന്ത് നല്ലതു ചെയ്താലും വിരോധമുള്ള രാഷ്ട്രീയക്കാർ അതിനെ കണ്ണടച്ച് എതിർക്കുക എന്നത് നമ്മുടെ ശീലമായിപ്പോയി. പിണറായി സർക്കാർ ഏതു നല്ല ആശയം മുന്നോട്ടുവച്ചാലും അതിനെ എതിർക്കുന്ന പ്രതിപക്ഷത്തെ നാം സ്ഥിരമായി കാണുന്നതാണല്ലോ. ആരു ചെയ്താലും അത് യുഡിഎഫ് ഭരണ സമിതിയായാലും എൽഡിഎഫ് സർക്കാറായാലും ചെയ്യുന്ന കാര്യത്തെ അടിസ്ഥാനമാക്കിയാവണം വിമർശനം എന്ന പക്ഷക്കാരനാണ് ഞാൻ. ഒന്നേ പറയാനുള്ളൂ. കൂലിയെഴുത്തുകാരായി സോഷ്യൽ മീഡിയയിൽ എഴുതി നിറയ്ക്കുന്നവരും തെറ്റിദ്ധരിപ്പിച്ച് വാർത്തയ്ക്ക് സാധ്യത തേടുന്നവരും ഇതെല്ലാം പൊതു സമൂഹം കാണുന്നുണ്ട് എന്നോർക്കുക. ഉറപ്പിച്ചു പറയാം. ഞാൻ ഇവിടെയുണ്ടാകും. ഇവിടത്തന്നെ"

ചർച്ചയായത് യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ പരിപാടിയിലെ സാന്നിധ്യം

മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയിലെ പരിപാടിയിൽ പി കെ ശശി പങ്കെടുത്തത് ഇന്നലെയാണ്. മണ്ണാ൪ക്കാട്ടെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ഇന്നലകളിലെന്ന പോലെ വരാൻ പോകുന്ന നാളെകളിലും തന്‍റെ സാന്നിധ്യമുണ്ടാകുമെന്നാണ് പി കെ ശശി പറഞ്ഞുവച്ചത്. താൻ വരുന്നുവെന്ന് പറയുമ്പോൾ ആ൪ക്കാണിത്ര ബേജാറെന്നും സാധാരണ മനുഷ്യനായ തന്നെ ഭയപ്പെടേണ്ട കാര്യമെന്താണെന്നും ശശി ചോദിച്ചു. കൊച്ചി പഴയ കൊച്ചിയല്ല, ബിലാല് പഴയ ബിലാല് തന്നെയാണെന്നും ശശി പ്രസംഗിച്ചു.

മണ്ണാര്‍ക്കാട് മേഖലയിൽ പി കെ ശശിയും പാര്‍ട്ടിയിലെ ഒരു വിഭാഗവും തമ്മിലുള്ള ശീതയുദ്ധം നേരത്തെ തുടങ്ങിയതാണ്. ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്ത സമയത്ത് ഇതിന് ഒരൽപ്പം ശമനമുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യം അങ്ങനെയല്ല. പാര്‍ട്ടി പദവിയിലേക്ക് ശശിയെ തിരിച്ചെടുത്തതോടെ വീണ്ടും പ്രശ്നം രൂക്ഷമായി. അതിനിടെയാണ് യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ പരിപാടിയിൽ മുഖ്യാതിഥിയായി ശശി എത്തിയത്. നഗരസഭയുടെ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ ഉദ്‌ഘാടന ചടങ്ങിനാണ് പി കെ ശശി മുഖ്യാതിഥിയായി എത്തിയത്. പിന്നില്‍ രാഷ്‌ട്രീയമായ ഒരു നീക്കവുമില്ലെന്നും കെടിഡിസി ചെയര്‍മാനെന്ന നിലക്കാണ് പി കെ ശശിയെ ക്ഷണിച്ചതെന്നുമാണ് നഗരസഭയുടെ വിശദീകരണം. പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം കോൺഗ്രസ് നേതാവ് വി കെ ശ്രീകണ്‌‍ഠൻ എം പിയും ലീഗ് എം എൽ എയായ എന്‍ ഷംസുദ്ദീനും പരിപാടിയിൽ പങ്കെടുത്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും
ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്