കോർപ്പറേഷന്റെ പണം തട്ടിയ സംഭവം; പിഎൻബിയുടെ ഒരു ശാഖയും പ്രവർത്തിക്കാൻ അനുവദിക്കില്ല, മുന്നറിയിപ്പുമായി പി മോഹനൻ

By Web TeamFirst Published Dec 2, 2022, 11:45 AM IST
Highlights

കോർപ്പറേഷന് നഷ്ടപ്പെട്ട മുഴുവൻ തുകയും 24 മണിക്കൂറിനകം അക്കൗണ്ടുകളിൽ തിരികെ എത്തിയില്ലെങ്കിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു ശാഖയും പ്രവർത്തിക്കാനാകാത്ത സ്ഥിതി ഉണ്ടാകുമെന്ന് മോഹനൻ

കോഴിക്കോട് : കോഴിക്കോട് കോ‍ർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കോടികൾ നഷ്ടപ്പെട്ട സംഭവത്തിൽ മുന്നറിയിപ്പുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. കോർപ്പറേഷന് നഷ്ടപ്പെട്ട മുഴുവൻ തുകയും 24 മണിക്കൂറിനകം അക്കൗണ്ടുകളിൽ തിരികെ എത്തിയില്ലെങ്കിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു ശാഖയും പ്രവർത്തിക്കാനാകാത്ത സ്ഥിതി ഉണ്ടാകുമെന്ന് മോഹനൻ പറഞ്ഞു. ബാങ്കിന് മുന്നിൽ ഇടതുമുന്നണി കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടയാണ് അദ്ദേഹത്തിന്റെ പരാമർശം. 

പഞ്ചാബ് നാഷണൽ ബാങ്കിന്റെ എരഞ്ഞിപ്പാലം ബ്രാഞ്ചിലെ മാനേജർ ആയിരുന്ന, നിലവിലെ സീനിയർ മാനേജർ റിജിൽ തന്റെ സ്വന്തം അക്കൌണ്ടിലേക്ക് പണം മാറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടര കോടി രൂപയാണ് കോർപ്പറേഷൻ്റെ കറന്റ് അക്കൌണ്ടിൽ നിന്ന് നഷ്ടമായത്. ലിങ്ക് റോഡ് ശാഖയിലെ മാനേജർ ആണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു നഷ്ടമായത് രണ്ടരക്കോടി രൂപയാണെന്ന് വ്യക്തമായത്. കൂടുതൽ തുക നഷ്ടമായിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. 

ആദ്യം റിജിലിന്റെ പിതാവിന്റെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിലേക്ക് തുക മാറ്റുകയും പിന്നീട് ഇത് ആക്സിസ് ബാങ്കിലെ റിജിലിന്റെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. തിരിമറിയെ തുട‍ർന്ന് സസ്പെൻഷനിലായ റിജിൽ ഇപ്പോൾ ഒളിവിലാണ്. ഇയാൾ മുൻകൂ‍ർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 

Read More : പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് : അക്കൗണ്ടിലെ എട്ട് കോടി കൂടി നഷ്ടപ്പെട്ടെന്ന് കോഴിക്കോട് കോർപ്പറേഷൻ

click me!